21 November Wednesday

അരിനികുതി ബാക്കി; രാഖിക്ക‌് ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


തിരുവനന്തപുരം
രാഖിയുടെ നികുതി വേണ്ടെന്നുവച്ച കേന്ദ്ര സർക്കാർ ബ്രാൻഡഡ‌് അരിക്ക് ചുമത്തിയ നികുതി ഉപേക്ഷിക്കാൻ തയ്യാറായില്ല. കഴിഞ്ഞദിവസം ചേർന്ന ചരക്ക് സേവന നികുതി കൗൺസിൽ (ജിഎസ്ടി കൗൺസിൽ) യോഗത്തിലാണ് രാഖിക്ക‌് നികുതി ഒഴിവാക്കിയത്. എന്നാൽ, അരിയിൽ ബ്രാൻഡഡ‌് ഇനങ്ങൾക്കും പായ‌്ക്ക‌് ചെയ‌്ത അരിപ്പൊടിക്കും ഗോതമ്പുപൊടിക്കും ആട്ടയ്ക്കുമെല്ലാം അഞ്ചുശതമാനം നികുതി നിലനിൽക്കുകയാണ്. പരമ്പരാഗത വ്യവസായ ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യവും കേന്ദ്രം നിരസിച്ചു. കൈത്തറിയും ഖാദിയും ഉൾപ്പെടെ എല്ലാ തുണിത്തരങ്ങൾക്കും അഞ്ചുശതമാനമാണ‌് നികുതി. കയറിനും കയർ ഉൽപ്പന്നങ്ങൾക്കും കശുവണ്ടിപ്പരിപ്പിനും നികുതി അഞ്ചുശതമാനം തന്നെ. എന്നാൽ കോസ്മെറ്റിക്കുകൾ, പെർഫ്യൂമുകൾ എന്നിവയുടെ നികുതി 28ൽനിന്ന് 18 ശതമാനമാക്കി കുറയ‌്ക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചു. ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിലെ ലഘൂകരിച്ചതാണ‌് യോഗത്തിലെ ആശ്വാസതീരുമാനം.

ജിഎസ്ടിആർ 1, ജിഎസ്ടിആർ 2, ജിഎസ്ടിആർ 3, ജിഎസ്ടിആർ 3(എ) എന്നിങ്ങനെ റിട്ടേണുകൾക്കുപകരം ഒറ്റ റിട്ടേൺ സമർപ്പിച്ചാൽ മതി. അഞ്ചുകോടിവരെ വാർഷിക വിറ്റുവരവുള്ളവർ മൂന്നുമാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിക്കണം. മാസം തോറും അനുമാനനികുതി ഒടുക്കണം. അഞ്ചുകോടിക്കുമുകളിൽ വിറ്റുവരവുള്ളവർ പ്രതിമാസം റിട്ടേൺ സമർപ്പിക്കണം. ഒന്നരക്കോടിക്കുതാഴെ വിറ്റുവരവുള്ളവർ രണ്ടുപേജിൽ ഒതുങ്ങുന്ന റിട്ടേൺ സമർപ്പിച്ചാൽ മതി.

പ്രധാന വാർത്തകൾ
Top