18 September Tuesday

ഹയർ സെക്കൻഡറി പാഠപുസ‌്തകങ്ങൾ മലയാളത്തിലേക്ക‌്

എം വി പ്രദീപ‌്Updated: Tuesday Jul 24, 2018



തിരുവനന്തപുരം
സംസ്ഥാനത്തെ ഹയർ സെക്കൻഡറി പുസ‌്തകങ്ങൾ മലയാളത്തിലേക്ക‌് മൊഴിമാറ്റി‌. ശ്രേഷ‌്ഠഭാഷ പദവിയുള്ള മാതൃഭാഷയ‌്ക്ക‌് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം  മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ‌് ടെസ്റ്റ‌് (നീറ്റ‌് ) മലയാളത്തിൽ എഴുതാനുള്ള അവസരം സൃഷ്ടിക്കാൻകൂടിയാണ‌് പാഠപുസ‌്തകങ്ങളുടെ മാതൃഭാഷാ മൊഴിമാറ്റം.

എംബിബിഎസ‌്, ബിഡിഎസ‌് പ്രവേശനത്തിന‌് ദേശീയതലത്തിൽ നടത്തുന്ന നീറ്റ‌് പരീക്ഷ  ഇംഗ്ലീഷ‌്, ഹിന്ദി എന്നിവ കൂടാതെ ഇപ്പോൾ ഗുജറാത്തി, മറാഠി, ബംഗാളി, ആസാമീസ‌്, തെലുങ്ക‌്, തമിഴ‌് എന്നീ ഭാഷകളിലും എഴുതാം.
ശ്രേഷ‌്ഠഭാഷാ പദവിയുള്ള മലയാളത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന‌് കേരളം ആവശ്യമുയർത്തിയിരുന്നു. എന്നാൽ, നീറ്റ‌ിന്റെ അടിസ്ഥാന യോഗ്യതയായ ഹയർ സെക്കൻഡറി വിദ്യാഭ്യാസം കേരളത്തിൽ പ്രധാനമായും ഇംഗ്ലീഷിലാണെന്ന ന്യൂനത  ഉയർത്തിയാണ‌് ആവശ്യം കേന്ദ്രം തള്ളിയത‌്. സംസ്ഥാനത്തുനിന്നുള്ള  എംപിമാരുടെ  യോഗത്തിൽ നീറ്റ‌് മാതൃഭാഷയിലെഴുതാനുള്ള അവകാശത്തിന‌ുവേണ്ടി കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ  എംപിമാരെല്ലാം ഒന്നിച്ച‌ുനിൽക്കണമെന്ന‌്  മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. സംസ്ഥാന സർക്കാർ ആവശ്യപ്രകാരമാണ‌് ഹയർ സെക്കൻഡറി പാഠപുസ‌്തകങ്ങൾ മൊഴിമാറ്റാൻ എസ‌്സിഇആർടി  തീരുമാനിച്ചതെന്ന‌് ഡയറക്ടർ ഡോ‌. ജെ പ്രസാദ‌് പറഞ്ഞു. പ്ലസ‌്ടുവിന‌്  53 കോംബിനേഷനുകളിലുള്ള പുസ‌്തകങ്ങളാണ‌് ഉള്ളത‌്.  13 കോംബിനേഷനുകളുടെ ഉള്ളടക്കമുള്ള പുസ‌്തകങ്ങളാണ‌് എസ‌്സിഇആർടി പ്രസിദ്ധീകരിക്കുന്നത‌്. ബാക്കിയുള്ളവ എൻസിഇആർടിയുടേതാണ‌്. 

എസ‌്സിഇആർടി പുസ‌്തകങ്ങളുടെ മലയാള പരിഭാഷ  നിരവധി വർക‌്ഷോപ്പുകളുടെ സഹായത്തോടെ പൂർത്തിയായി. പ്രധാനമായും നീറ്റ‌ിന‌് ആശ്രയിക്കുന്ന സയൻസ‌് പുസ‌്തകങ്ങളുടെ പരിഭാഷ പുസ‌്തകരൂപത്തിൽത്തന്നെ തയ്യാറായി. ഇവ ആഗസ‌്ത‌് ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top