18 November Sunday

മോട്ടോർ വാഹന പണിമുടക്ക‌് വിജയിപ്പിക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


മോട്ടോർ വാഹന നിയമഭേദഗതിക്കെതിരെ ആഗസ‌്ത‌് ഏഴിന് മോട്ടോർത്തൊഴിലാളി സംഘടനകളും വാഹന ഉടമാ സംഘടനകളും ചേർന്ന് നടത്തുന്ന ദേശീയ പണിമുടക്ക‌് വിജയിപ്പിക്കാൻ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ‌് അഭ്യർഥിച്ചു. മോട്ടോർ വാഹന ഭേദഗതി നിയമം ലോക‌്സഭ പാസാക്കി. ഇപ്പോൾ രാജ്യസഭയിലും എത്തി. ബിൽ പാസായാൽ റോഡ് ട്രാൻസ്പോർട്ട‌് കോർപറേഷനുകൾ പൂർണമായും തകരും. മോട്ടോർ വാഹനങ്ങൾക്ക് നികുതി ചുമത്താനും ഗതാഗതം ക്രമീകരിക്കാനും സംസ്ഥാനങ്ങൾക്കുള്ള അധികാരം നഷ്ടപ്പെടും. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണിത്.

സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സ‌് ചുരുങ്ങും.   നിയമം അതേ രൂപത്തിൽ പാസായാൽ ഡ്രൈവർ ജോലിക്ക് ആളെ കിട്ടില്ല. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർത്തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന സമരം വിജയിപ്പിക്കാൻ എല്ലാ ട്രേഡ് യൂണിയനുകളും തൊഴിലാളികളും രംഗത്തിറങ്ങണമെന്ന‌ും സെക്രട്ടറിയറ്റ‌് അഭ്യർഥിച്ചു.

സംയുക്ത സമരസമിതി
ആഗസ‌്ത‌് ഏഴിന‌് നടത്തുന്ന മോട്ടോർ വാഹന പണിമുടക്ക് വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകളുടെയും തൊഴിലുടമാ സംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

ഓട്ടോറിക്ഷകൾ, ടാക്സികൾ, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസുകൾ, കെഎസ്ആർടിസി, ചരക്കുകടത്ത് വാഹനങ്ങൾ എന്നിവ പൂർണമായും നിരത്തിലിറങ്ങില്ല. ഡ്രൈവിങ‌് സ്കൂൾ, ഓട്ടോമൊബൈൽ‐  വർക‌്ഷോപ്പുകൾ, വാഹനഷോറൂമുകൾ, പഴയ വാഹനവില്പനകേന്ദ്രങ്ങൾ, ഓട്ടോ കൺസൾട്ടൻസി കേന്ദ്രങ്ങൾ, സ്പെയർ പാർട്സ് വിപണനശാലകൾ എന്നിവയും അടഞ്ഞുകിടക്കും. മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.   മുപ്പതിനകം പ്രാദേശിക, ജില്ലാ കൺവൻഷനുകളും ആഗസ‌്ത‌് നാലിനകം വാഹനപ്രചാരണ ജാഥകളും സംഘടിപ്പിക്കും. ഭേദഗതി രാജ്യസഭയിലെത്തി അടുത്ത ദിവസം സംസ്ഥാനവ്യാപകമായി  പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 

  വി എ കെ തങ്ങൾ അധ്യക്ഷനായി. ജനറൽ കൺവീനർ കെ കെ ദിവാകരൻ ദേശീയ കോ‐ഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. കെ വി ഹരിദാസ്, ജോയി ജോസഫ്, കെ ജി ഗോപകുമാർ, പി ജി പ്രസന്നകുമാർ, അഡ്വ. റ്റി ബി മിനി, എൻ എച്ച് കാജഹുസൈൻ, മനോജ് പെരുമ്പള്ളി, എം എസ് പ്രേംകുമാർ, മനോജ് ഗോപി, ജോസ് കുഴിപ്പിൽ, വി എസ് പ്രദീപ്, പി പി ചാക്കോ, കെ വി ഡേവി, എം ഇബ്രാഹിംകുട്ടി, ആർ ഗോപാലകൃഷ്ണൻനായർ തുടങ്ങിയവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top