17 October Wednesday

പത്മപ്രഭാ പുരസ്കാരം പ്രഭാവര്‍മയ്ക്ക് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017

കല്‍പ്പറ്റ > ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്കാരം കവി പ്രഭാവര്‍മക്ക് സമ്മാനിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം മുകുന്ദന്‍ പുരസ്കാരം കൈമാറി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

കാലത്തിനും നാടിനും മുന്നറിയിപ്പ് നല്‍കുന്നവരായി മാറാന്‍ സാംസ്കാരിക നേതൃത്വത്തിന് സാധിക്കണമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് പ്രഭാവര്‍മ പറഞ്ഞു.  ഫാസിസം രാജ്യത്തിന് ഭീഷണിയായി വളരുന്ന കാലത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യം മുന്‍നിര്‍ത്തിയാണ് വീരേന്ദ്രകുമാര്‍  രാജ്യസഭാംഗത്വം രാജിവച്ചത്. അധികാരത്തേക്കാള്‍ വലുതായി ചില മൂല്യങ്ങളുണ്ട് എന്ന തിരിച്ചറിവില്‍നിന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ എഴുത്തുകാര്‍ പാരമ്പര്യത്തെ മാറ്റി നിര്‍ത്തുമ്പോള്‍ പ്രഭാവര്‍മ വലിയൊരു പാരമ്പര്യത്തിന്റെ ഭാഗമായി തുടരുകയാണെന്ന് പുരസ്കാരം സമ്മാനിച്ച എം മുകുന്ദന്‍ പറഞ്ഞു. സംസ്കൃതിയുടെ കാവ്യപ്രമേയമാണ് പ്രഭാവര്‍മയുടെ ശ്യാമമാധവമെന്ന് പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തിയ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. പുതിയ നൂറ്റാണ്ടില്‍ കവിക്ക് വികസിപ്പിക്കാന്‍ കഴിയുന്നത്ര കവിതയെ വികസിപ്പിക്കാന്‍ പ്രഭാവര്‍മയ്ക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.

എം പി വീരേന്ദ്രകുമാര്‍ അധ്യക്ഷനായി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി പ്രഭാവര്‍മയെ പൊന്നാടയണിയിച്ചു. എഡിജിപി ബി സന്ധ്യ, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. എം വി ശ്രേയാംസ്കുമാര്‍ സ്വാഗതവും എ സുധാറാണി നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top