25 April Wednesday

അന്താരാഷ്ട്ര പുസ്തക-സാഹിത്യോത്സവം: സംഘാടകസമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017


കൊച്ചി >  സംസ്ഥാന സര്‍ക്കാര്‍ തുടക്കംകുറിക്കുന്ന അന്താരാഷ്ട്ര പുസ്തക-സാഹിത്യോത്സവത്തിന്റെ ആദ്യപതിപ്പിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. 'കൃതി' എന്നപേരില്‍ സംഘടിപ്പിക്കുന്ന മേളയില്‍ പുസ്തകോത്സവം മാര്‍ച്ച് ഒന്നുമുതല്‍ 11 വരെ മറൈന്‍ഡ്രൈവിലും സാഹിത്യവിജ്ഞാനോത്സവം മാര്‍ച്ച് ആറുമുതല്‍ 10 വരെ ബോള്‍ഗാട്ടി പാലസിലുമാണ്. സ്വാഗതസംഘ രൂപീകരണയോഗം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനംചെയ്തു.  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് അന്താരാഷ്ട്ര പുസ്തക-സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.

എം ടി വാസുദേവന്‍ നായരാണ് മേളയുടെ ഡയറക്ടര്‍. ഷാജി എന്‍ കരുണ്‍ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് ആണ്. എസ് രമേശനാണ് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍. മുഖ്യമന്ത്രി ചെയര്‍മാനും സഹകരണമന്ത്രി വൈസ് ചെയര്‍മാനുമായ മേളയുടെ സംഘാടകസമിതിയില്‍ ജനപ്രതിനിധികളും ജില്ലാ കലക്ടറും എഴുത്തുകാരും പൌരപ്രമുഖരുമുണ്ട്.

ബോള്‍ഗാട്ടിയില്‍ നടക്കുന്ന സാഹിത്യവിജ്ഞാനോത്സവത്തില്‍ ഇരുന്നൂറിധികം പ്രഭാഷകര്‍ പങ്കെടുക്കും. അഞ്ച് വേദികളിലായി അമ്പതിലധികം സെഷനുകളുണ്ടാകും. അന്താരാഷ്ട്ര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും. വെനിസ്വേലന്‍ എഴുത്തുകാരന്‍ ഫെര്‍ണാണ്ടോ ബയേസ്, ജര്‍മന്‍ തത്വചിന്തകന്‍ വില്ഹം സ്മിത്, സെര്‍ബിയന്‍ നോവലിസ്റ്റ് വ്ളാദ്മിര്‍ പിസ്റ്റാലോ, തസ്ളിമ നസ്രിന്‍, ഗുല്‍സാര്‍, ടി എം കൃഷ്ണ, സല്‍മ, ചന്ദ്രശേഖര്‍ കമ്പര്‍, ബഷ്രീത് പീര്‍, കിരണ്‍ നാഗര്‍കര്‍, ചരിത്രകാരന്‍ എ ആര്‍ വെങ്കിടാചലപതി, മീനാക്ഷി റഡ്ഡി മാധവന്‍ തുടങ്ങിയര്‍ പങ്കെടുക്കും.

മറൈന്‍ഡ്രൈവിലെ പുസ്തകമേളയില്‍ ലോകത്തിലെ പ്രമുഖ പ്രസാധകരടക്കം നൂറിലധികംപേര്‍ പങ്കെടുക്കും.  ചെറുകിടപ്രസാധകര്‍ക്കും അവസരം ലഭിക്കും. മേളയുടെ ഭാഗമായി കുട്ടികളുടെ വായന മെച്ചപ്പെടുത്താന്‍ ബുക്ക് കൂപ്പണ്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.  സ്കൂളുകള്‍വഴി നിശ്ചിതതുകയുടെ കൂപ്പണ്‍ വിതരണംചെയ്യുകയും മേളയില്‍ കൂപ്പണ്‍ ഉപയോഗിച്ച് പുസ്തകം കൈപ്പറ്റാന്‍ അവസരം നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനായി ഒരുകോടിയോളം രൂപ വ്യക്തികളില്‍നിന്നും ക്രൌഡ് ഫണ്ടിങ് മുഖേന സ്വരൂപിക്കും. 1500 പ്രതിനിധികള്‍ മേളയിലുണ്ടാകും. പ്രതിനിധി രജിസ്ട്രേഷന്‍ ജനുവരി ഒന്നിന് ആരംഭിക്കും.  പൊതുജനത്തിനും മേളയില്‍ പ്രവേശനമുണ്ടാകും.
അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവത്തിന്റെ  ബ്രാന്‍ഡ് ഐഡന്റിറ്റിയുടെ പ്രകാശനം കെ വി തോമസ് എംപി നിര്‍വഹിച്ചു. മേളയുടെ സോഷ്യല്‍ മീഡിയ പേജുകളുടെ ഉദ്ഘാടനം പ്രൊഫ. എം കെ സാനു നിര്‍വഹിച്ചു. കൂപ്പണ്‍തുക ഡോ. വി പി ഗംഗാധരന്‍ സഹകരണവകുപ്പ് ജോയിന്റ്. രജിസ്ട്രാര്‍ക്ക് കൈമാറി. എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍, കെ എല്‍ മോഹനവര്‍മ, സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top