Top
18
Monday, December 2017
About UsE-Paper

20 നാള്‍; ഡിവൈഎഫ്ഐ 36,000 പൊതിച്ചോര്‍ നല്‍കി

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > 'വിശപ്പിനു ഭക്ഷണം, ജീവനു രക്തം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ഉച്ചഭക്ഷണം വിതരണംചെയ്യുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 36,000 പേര്‍ക്ക് പൊതിച്ചോറു നല്‍കി. ജില്ലയിലെ 20 ബ്ളോക്ക് കമ്മിറ്റികളിലെയും ഓരോ മേഖലാകമ്മിറ്റിവീതമാണ് ഡിവൈഎഫ്ഐ സ്ഥാപകദിനമായ നവംബര്‍ മൂന്നുമുതല്‍ ഭക്ഷണവിതരണം നടത്തിയത്.

വിവിധ യൂണിറ്റുകളില്‍നിന്ന് ആയിരത്തിലധികം ഭക്ഷണപ്പൊതികള്‍ ശേഖരിച്ച് ദിവസവും പകല്‍ 11നുമുമ്പ് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച കൌണ്ടറില്‍ എത്തിച്ച് വിതരണംചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍, നിശ്ചയിച്ചതിന്റെ ഇരട്ടി ഭക്ഷണപ്പൊതികള്‍ പല കമ്മിറ്റികളും ശേഖരിച്ചു. കൂത്താട്ടുകുളം മേഖലാ കമ്മിറ്റി 2,300 പൊതിയും കലൂര്‍, ചെറായി, അങ്കമാലി, ചളിക്കവട്ടം, അമ്പലമേട് കമ്മിറ്റികള്‍ 1,900 പൊതികളും ശേഖരിച്ച് വിതരണംചെയ്തു. പായിപ്ര, മുനിസിപ്പല്‍ വെസ്റ്റ്  കോതമംഗലം, കോട്ടപ്പടി, കോലഞ്ചേരി, ചോറ്റാനിക്കര, ഇടക്കൊച്ചി, മട്ടാഞ്ചേരി, ചെങ്ങമനാട്, മൂത്തകുന്നം, ആലങ്ങാട്, ആലുവ, വാഴക്കുളം, തൃക്കാക്കര സെന്റര്‍, കാഞ്ഞൂര്‍ എന്നീ മേഖലാ കമ്മിറ്റികളാണ് ആദ്യഘട്ടത്തില്‍ ഭക്ഷണവിതരണം പൂര്‍ത്തിയാക്കിയത്. 192 മേഖലാ കമ്മിറ്റികളെയും ഉള്‍പ്പെടുത്തി ഒരുവര്‍ഷത്തെ കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്.

ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള രക്തദാന മൊബൈല്‍ഫോണ്‍ അപ്ളിക്കേഷന്‍ പദ്ധതിയായ 'മാനുഷം' രക്തദാനപദ്ധതിയിലേക്ക് 50,000 യുവജനങ്ങളെക്കൂടി ഉള്‍പ്പെടുത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മൊബൈല്‍ഫോണില്‍ 'മാനുഷം' പദ്ധതിയില്‍ പ്രവേശിച്ച് ജില്ലയിലെ ആശുപത്രികളുടെ പേരും ആവശ്യമായ രക്തഗ്രൂപ്പും ടൈപ്പ്ചെയ്താല്‍ ആശുപത്രിയുടെ ചുറ്റുപാടും താമസിക്കുന്ന യുവാക്കളുടെ പേരും ഫോണ്‍നമ്പറും ലഭിക്കും.

ഭക്ഷണവിതരണത്തിനെത്തുന്ന മേഖലാ കമ്മിറ്റിയിലെ അംഗങ്ങളില്‍ 10 പേര്‍വീതം വ്യാഴാഴ്ചമുതല്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രക്തം ദാനംചെയ്യുമെന്നും ജില്ലാ സെക്രട്ടറി കെ എസ് അരുണ്‍കുമാര്‍ അറിയിച്ചു.