Top
18
Monday, December 2017
About UsE-Paper

നഗരസഭാ സുവര്‍ണജൂബിലി ഓഫീസുകള്‍ പൂട്ടിയിട്ടു, നാട്ടുകാര്‍ വലഞ്ഞു

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > നഗരസഭയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടമായി പോയതോടെ ഓഫീസ്പ്രവര്‍ത്തനം സ്തംഭിച്ചു. നഗരസഭാ ഓഫീസിലെത്തിയവര്‍ നിരാശയോടെ മടങ്ങേണ്ടിവന്നു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് നടത്തിയ കലാപരിപാടികള്‍ കാണാനുണ്ടായത് ആളൊഴിഞ്ഞ കസേരകള്‍. സ്നേഹവിരുന്നിലും പങ്കാളിത്തമില്ല.

മുന്നറിയിപ്പില്ലാതെ സെക്രട്ടറിയുടെ പ്രത്യേക ഉത്തരവിനെത്തുടര്‍ന്നാണ് നഗരസഭയുടെ പ്രധാന ഓഫീസിലെയും ഉപ ഓഫീസുകളിലെയും ജീവനക്കാര്‍ സുവര്‍ണജൂബിലി ആഘോഷത്തില്‍ പങ്കെടുത്തത്. ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍ക്കും വസ്തുകരം അടയ്ക്കുന്നതിനും കെട്ടിടനിര്‍മാണ പെര്‍മിറ്റുകള്‍ ലഭ്യമാകുന്നതിനുമായി വിവിധ ഓഫീസില്‍ രാവിലെ നിരവധി പേര്‍ എത്തിയിരുന്നു. പാലക്കാടുനിന്നുവരെ ഇടപാടുകള്‍ക്കായി ആളുകളെത്തി. അപേക്ഷ സ്വീകരിക്കുന്നതിന് അവശ്യസര്‍വീസായി ഒരു കൌണ്ടര്‍പോലും ഓഫീസില്‍ ഉണ്ടായിരുന്നില്ല.

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് 10.30ന് തീര്‍ന്നെങ്കിലും ആഘോഷങ്ങളില്‍ ബഹുജനപങ്കാളിത്തം ഉറപ്പാക്കാനായില്ല. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്കും കാണികളില്ല. ഇതോടെ ഓഫീസിലേക്ക് മടങ്ങാനിരുന്ന ജീവനക്കാര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍തന്നെ തുടരേണ്ടിവന്നു. 30 മിനിറ്റില്‍ താഴെയുള്ള പരിപാടിക്ക് 5,76,000 രൂപയാണ് നല്‍കിയത്. ബഹുജനപങ്കാളിത്തം ഉറപ്പാക്കാതെ നടപ്പാക്കിയ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ അഴിമതിയും ധൂര്‍ത്തും കൌണ്‍സിലില്‍ പ്രതിപക്ഷം നേരത്തെതന്നെ ആരോപിച്ചിരുന്നു.

നഗരസഭാ ജീവനക്കാര്‍ക്കും കൌണ്‍സിലര്‍മാര്‍ക്കും മറ്റു പ്രധാന അതിഥികള്‍ക്കും നല്‍കുന്ന സ്നേഹവിരുന്ന് ഏര്‍പ്പാടാക്കിയത് സുഭാഷ്പാര്‍ക്കിലാണ്. ആയിരത്തിലധികം പേര്‍ക്ക് കരുതിയ ഭക്ഷണം കഴിക്കാന്‍ ക്ഷണിതാക്കള്‍ അടങ്ങുന്ന ആളുകള്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നിന്ന് സുഭാഷ്പാര്‍ക്ക്വരെ ഗതാഗതക്കുരുക്കിനിടയിലൂടെ യാത്രചെയ്യേണ്ടിവന്നു. മിക്കവരും ഭക്ഷണത്തിനെത്തിയില്ല. ആസൂത്രണമില്ലാതെ അഴിമതിക്കുള്ള സൌകര്യങ്ങളൊരുക്കി 66 ലക്ഷം രൂപ ചെലവഴിച്ചാണ് സുവര്‍ണജൂബിലി ആഘോഷങ്ങള്‍ മേയറും കൂട്ടരും നടത്തിയത്.