Top
16
Saturday, December 2017
About UsE-Paper

സിപിഐ എം സംവരണ നിലപാട് സുവ്യക്തം: കോടിയേരി

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌
# സിപിഐ എം കളമശേരി ഏരിയ സമ്മേളനത്തിനു സമാപനംകുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ റെഡ് വളന്റിയര്‍ പരേഡിന്റെ സല്യൂട്ട് സ്വീകരിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍


കളമശേരി > ദേവസ്വം ബോര്‍ഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംവരണം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് സിപിഐ എമ്മിനുള്ളത്. ഇത് എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ നിലപാടല്ല. സിപിഐ എം കളമശേരി ഏരിയ സമ്മേളന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള സംവരണരീതി നിലനിര്‍ത്തി മുന്നോക്കക്കാരിലെ  പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കണമെന്നാണ് പാര്‍ടി നിലപാട്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ ബിജെപി എതിര്‍പ്പുമായി വന്നു. എന്നാല്‍ സിപിഐ എം നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് 27 ശതമാനം സംവരണം പിന്നോക്കവിഭാഗങ്ങള്‍ക്കു ലഭിച്ചത്. 1990ല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്ത് മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് സിപിഐ എം പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.

ദേവസ്വം ബോര്‍ഡില്‍ ഇതുവരെ പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ലഭിച്ചിരുന്നില്ല. സംവരണം ഇല്ലാത്ത മേഖലയില്‍ അത് കൊണ്ടുവരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. പിഎസ്സിവഴിയുള്ള നിയമനം നടപ്പാക്കിയപ്പോള്‍ മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള 18 ശതമാനം സംവരണം ആര്‍ക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാല്‍ പൊതുക്വോട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈഴവസമുദായത്തിന് 14 ശതമാനം സംവരണമായിരുന്നത് സര്‍ക്കാര്‍ നടപടിയിലൂടെ 17 ശതമാനമായി. എസ്സി, എസ്ടി വിഭാഗത്തിന് 10 ശതമാനമായിരുന്നത് 12 ആയി. മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക്  മൂന്നുശതമാനമായിരുന്നത് ആറു ശതമാനമായി. 10 ശതമാനം മുന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കവിഭാഗക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. നടപടിയില്‍ ഭരണഘടനാ ലംഘനമില്ല. ഇതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളില്‍ ജനങ്ങള്‍ പെട്ടുപോകരുത്. സംവരണംകൊണ്ട് പട്ടിണി മാറ്റാനാവില്ല. താല്‍ക്കാലിക ആശ്വാസം എന്ന നിലയ്ക്കാണ് നടപ്പാക്കുന്നത്.

കോണ്‍ഗ്രസ് അഴിമതിയില്‍ പത്മഭൂഷണ്‍ നേടിയെങ്കില്‍ ബിജെപി പത്മവിഭൂഷണ്‍ നേടിയിരിക്കുകയാണ്. അച്ചാ ദിന്‍ ആര്‍ക്കും വന്നില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ 'ബച്ചാദിന്‍' ആണ് വന്നത്. റാഫേല്‍ യുദ്ധവിമാനത്തിന്റെ ഇടപാടിലും കോടികളുടെ അഴിമതിയുടെ വിവരം പുറത്തുവന്നിരിക്കുന്നു. 36,000 കൃഷിക്കാരാണ് ബിജെപി ഭരണത്തിലേറി മൂന്നുവര്‍ഷത്തിനുള്ളില്‍ ആത്മഹത്യചെയ്തത്. ജിഎസ്ടി വന്നശേഷം എല്ലാത്തിനും നികുതിയാണ്. എണ്ണക്കമ്പനികള്‍ക്കായി രാജ്യത്തെ കൊള്ളയടിക്കുന്നു. ഹിന്ദുത്വം എന്ന മറയിട്ട് കോര്‍പറേറ്റ്വല്‍കരണമാണ് ബിജെപി നടത്തുന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തിന് സിപിഐ എമ്മാണ് നേതൃത്വം നല്‍കുന്നത്. പോരാട്ടം ശക്തിപ്പെടുത്താന്‍ മറ്റു വിഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരെക്കൂടി ഒപ്പം ചേര്‍ക്കണം. ഇതിന് പാര്‍ടിപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Related News

കൂടുതൽ വാർത്തകൾ »