20 September Thursday

പാറ്റയായോ ഈച്ചയായോ ജനിച്ചെങ്കിൽ.. ഗുരുവായൂർ ക്ഷേത്രദർശന ദുഃഖം പങ്കിട്ട് യേശുദാസ്

വെബ് ഡെസ്‌ക്‌Updated: Friday Mar 23, 2018

ജയന്ത് രാമവർമ, ആര്യ വൃന്ദ വി നായർ എന്നിവർക്ക് ഡോ.കെ ജെ യേശുദാസ് തംബുരു സമ്മാനിക്കുന്നു


തൃപ്പൂണിത്തുറ > പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കിലും ഗുരുവായൂരമ്പലത്തിൽ കയറാൻ കഴിയുമായിരുന്നുവെന്ന് ഗാനഗന്ധർവ്വൻ പത്മവിഭൂഷൻ ഡോ. കെ ജെ യേശുദാസ്. തന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പേരിൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ സംഗീതസഭ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണച്ചടങ്ങിൽ സംസാരിക്കവെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ കയറാൻ കഴിയാത്തതിന്റെ ദുഃഖം ഗാനഗന്ധർവ്വൻ പങ്കുവച്ചത്.

സംഗീതംകൊണ്ട് ഒന്നും നേടാൻ കഴിയാതിരുന്ന കാലത്ത് നീ സംഗീതം പഠിക്കണം എന്നു പറഞ്ഞ അച്ഛന്റെ മകനായി പിറന്നതിൽ അഭിമാനിക്കുന്നതായും യേശുദാസ് പറഞ്ഞു. സംഗീതപഠനവും പ്രയോഗവുമെല്ലാം സോഷ്യൽ മീഡിയയിലെ കോപ്രാണ്ടിത്തരമായി അധഃപതിക്കുന്നതു കാണുമ്പോൾ പ്രയാസമുണ്ട്. അവാർഡോ മറ്റെന്തെങ്കിലും പ്രശംസയോ കിട്ടുമ്പോൾ തനിക്കെല്ലാമായി എന്നു കരുതുന്നവരോട് ഇത്രയുംകാലം സംഗീതം ഉപാസിച്ചിട്ടും ഞാൻ ഒന്നുമായില്ലല്ലോ എന്ന ചിന്തയാണ് താൻ പങ്കുവയ്ക്കുന്നതെന്നും യേശുദാസ് പറഞ്ഞു.

അഖില കേരള കർണാടകസംഗീത മത്സരത്തിൽ ജേതാക്കളായ ജയന്ത് രാമവർമ, ആര്യ വൃന്ദ വി നായർ എന്നിവർക്ക് ഡോ.കെ ജെ യേശുദാസ് തംബുരു സമ്മാനിച്ചു. സംഗീതസഭ പ്രസിഡന്റ് പി എസ് രാമൻ അധ്യക്ഷനായി. മാവേലിക്കര എസ് ആർ നടേശൻ, രാജ് മോഹൻവർമ, രാജശ്രീമേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗായിക സിസ്റ്റേഴ്സ്സ് ശാന്തള, ശർമിളമാർ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top