18 July Wednesday

കാവേരി ഉത്തരവ് പുനഃപരിശോധിക്കണം : കേരളം സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 23, 2018

ന്യൂഡൽഹി > കാവേരി നദീജലക്കേസിൽ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്തിന് അർഹതപ്പെട്ട 30 ടിഎംസി ജലം ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം നീക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ബാണാസുരസാഗർ പദ്ധതിക്ക് വെള്ളം ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ 1600 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നും കേരളം കോടതിയെ അറിയിച്ചു.

സുപ്രീംകോടതി വിധിപ്രകാരം കേരളത്തിന് 30 ടിഎംസി ജലമാണ് അനുവദിച്ചത്. അനുവദിക്കുന്ന ജലം അന്തർനദീതട ഉപയോഗത്തിന് അനുവദിക്കണമെന്നാണ് കേരളത്തിന്റെ മുഖ്യ ആവശ്യം. അന്തർനദീതട ഉപയോഗം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിലെ വ്യവസ്ഥ ബാണാസുരസാഗർ പദ്ധതിയെയും കോഴിക്കോട്ടെ കുടിവെള്ളവിതരണത്തെയും പ്രതികൂലമായി ബാധിക്കുന്നതായും കേരളം ചൂണ്ടിക്കാട്ടി. വ്യവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ ഈ പദ്ധതികൾക്കായി കേരളം ചെലവിട്ട 1613 കോടി പാഴാകും.

ബംഗളൂരു നഗരത്തിലെ കുടിവെള്ള ആവശ്യത്തിനായി അഞ്ച് ടിഎംസി ജലം സുപ്രീംകോടതി വിട്ടുനൽകിയിരുന്നു. സമാനമായി കോഴിക്കോട്ടെ 13 ജില്ലയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദംകേൾക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചു. കാവേരിഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top