Top
24
Saturday, February 2018
About UsE-Paper

നേട്ടം ഉന്നതവിദ്യാഭ്യാസമേഖലയിലും സാധ്യമാക്കും: മുഖ്യമന്ത്രി

Tuesday Jan 23, 2018
സ്വന്തം ലേഖകൻ

തിരുവനന്തപുരം > സ്വതന്ത്ര സോഫ്‍റ്റ്വെയറിലൂടെ പൊതുവിദ്യാഭ്യാസരംഗത്ത്‍ ആർജിച്ചനേട്ടം ഉന്നത വിദ്യാഭ്യാസരംഗത്തും സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 45,000 ക്ലാസ്‍ മുറി ഹൈടെക്‍ ആക്കുന്നതിന്റെയും ലിറ്റിൽ കൈറ്റ്സ്‍ ഐടി ക്ലബ്ബുകളുടെയും ഉദ്‍ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
 ഉന്നത വിദ്യാഭ്യാസരംഗത്തും നേട്ടങ്ങൾ സാധ്യമാക്കുന്നതിന് അനുസൃതമായാണ് സർക്കാർ ഐടിനയത്തിന് രൂപം നൽകിയിരിക്കുന്നത്‍.
'ഹൈടെക്‍ സ്‍കൂൾ' പദ്ധതി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനഘടകമാണ്. പദ്ധതിയിലൂടെ എല്ലാ കുട്ടികളെയും മികവിന്റെ ഭാഗമാക്കുകയും മുഖ്യധാരയിൽ എത്തിക്കുകയും ചെയ്യും.

സാങ്കേതിക വിദ്യാഭ്യാസ അധിഷ്‍ഠിത പഠന സമ്പ്രദായത്തിൽ സ്വതന്ത്രസോഫ്‍റ്റ്വെയർ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭമാണ് ഇത്‍. ഹൈടെക്‍ സ്‍കൂൾ, സ്‍കൂൾ വിക്കി, ലിറ്റിൽ കൈറ്റ്സ്‍ ഐടി ക്ലബ്‍ എന്നിവ കേരളത്തിനുമാത്രം അവകാശപ്പെട്ട നേട്ടങ്ങളാണ്.
ലിറ്റിൽ കൈറ്റ്സ്‍ ഐടി ക്ലബ്ബുകൾപോലുള്ള സംരംഭങ്ങളെ സ്ഥാപനങ്ങളും വ്യക്തികളും സാമ്പത്തികമായി സഹായിക്കാൻ തയ്യാറാകണം. നിലവിലെ അധ്യയന രീതിക്ക്‍ പകരംവയ്‍ക്കുകയല്ല ഇത്തരം സാങ്കേതികവിദ്യകൾ. മറിച്ച്‍ അതിനെ ഫലപ്രദമായി കുട്ടികളിൽ എത്തിക്കാനുള്ള ഉപാധിയാണ്. അധ്യാപകർകൂടി മനസ്സുവച്ചാലേ ഇത്തരം സംരംഭങ്ങൾക്ക്‍ ഉദ്ദേശിച്ച ഫലം കിട്ടൂ.

പൊതുവിദ്യാഭ്യാസം കാലാനുസൃതമാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം. പൊതുവിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥിയെ, ലോകത്തിലെ ഏത്‍ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിക്കും തുല്യനാക്കാനാണ് ഉദ്ദേശ്യം. പഠനനേട്ടം ഒരോ കുട്ടിയും കൈവരിച്ചതായി ഉറപ്പാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്‍. സ്വതന്ത്രമായി എല്ലാം കൈകാര്യം ചെയ്യാൻ കുട്ടിയെ പ്രാപ്‍തമാക്കുന്നതാണ് പ്രത്യേകത. പുതിയതലത്തിലേക്ക്‍ പാഠ്യപദ്ധതിയും പാഠ്യരീതികളും മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »