25 May Friday
ഇറ്റ്‌ഫോക് 3‐ാംദിനം

മലയാളസാന്നിധ്യമറിയിച്ച് ഉറാട്ടി, ശബ്ദഭാവമികവിൽ ജ്യോതി ദോഗ്ര

കെ ഗിരീഷ്Updated: Tuesday Jan 23, 2018

തൃശൂർ > ഇറ്റ്‌ഫോക് പത്താംപതിപ്പിന്റെ മൂന്നാംദിവസം അഭിനയാന്വേഷണത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും ദിനമായി. വിഖ്യാത അഭിനേത്രി ജ്യോതി ദോഗ്രയുടെ എകപാത്ര അവതരണം 'നോട്ട്‌സ് ഓൺ ചായ്' ബംഗളൂരുവിലെ ഡ്രാമനോണിനുവേണ്ടി ശരണ്യാ രാംപ്രകാശ് രചിച്ച് സംവിധാനം ചെയ്ത 'അക്ഷയാംബര' , വയനാട് നേര് നാടകവേദിക്കുവേണ്ടി മനോജ് കാന ഒരുക്കിയ 'ഉറാട്ടി' എന്നിവയ്ക്കു പുറമേ ചിലിയൻ നാടകം 'മുണ്ടോ മൊസാർട്ട്', സിംഗപ്പൂരിയൻ നാടകം 'ദ മലായ് മാൻ ആൻഡ് ഹിസ് ചൈനീസ് ഫാദർ' എന്നിവയുടെ പുനരവതരണമാണ് തിങ്കളാഴ്ച നടന്നത്.

ഭൂരിപക്ഷത്തേയും ആകർഷിച്ചത് മലയാള നാടകം ഉറാട്ടിതന്നെ. യക്ഷഗാന പശ്ചാത്തലത്തിൽ പെൺസ്വത്വവും കലയും ചേർത്തുള്ള അന്വേഷണം നടത്തിയ അക്ഷയാംബരയും കാഴ്ചക്കാരെ തൃപ്തിപ്പെടുത്തി. ജ്യോതി ദോഗ്രയുടെ 'നോട്ട്‌സ് ഓൺ ചായ്' ശബ്ദവും ഭാവവുംകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന അഭിനയമികവിന്റെ പ്രകടനമായിരുന്നു.

ഭാര്യയെന്നാണ് ഉറാട്ടിയുടെ അർഥം. പണിയയുവതിയുടെ കാഴ്ചയിൽ പണിയജീവിതത്തിന്റെ സ്വത്വപ്രതിസന്ധികളിലേക്കും അനുഭവങ്ങളിലേക്കും സഞ്ചരിച്ചു ഈ നാടകം. വർഷങ്ങൾക്കു മുമ്പേ ശ്രദ്ധേയമായ നാടകം പത്താം ഇറ്റ്‌ഫോക്കിലും ശ്രദ്ധേയമായി. ആദിവാസി കലാരൂപങ്ങളുടെയും ഗാനങ്ങളുടെയും പശ്ചാത്തലത്തിലാണ് നാടകം. വയനാട് കമ്പലക്കാട്ട് നിവാസികളായ ആദിവാസികളാണ് അഭിനേതാക്കൾ.  ഋജുവായ നാടകഭാഷയും ഉറാട്ടിയെ മികച്ചതാക്കി.
 സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ നിത്യജീവിതത്തെ ജ്യോതി രേഖപ്പെടുത്തി. ഒരേസമയം ശബ്ദദൃശ്യ ചേർച്ചയും വിയോജിപ്പും രേഖപ്പെടുത്തി. ശരീരവും ശബ്ദവും അഭിനേതാവിന്റെ കരുത്തുള്ള ആയുധമാണെന്ന് ആവർത്തിക്കപ്പെട്ടു. 

യക്ഷഗാന അന്തരീക്ഷത്തിൽ ഒരുക്കിയ 'അക്ഷയാംബര' സ്ത്രീ സ്വത്വാന്വേഷണം  നടത്തുകയാണ്. പുരുഷകേന്ദ്രീകൃതമായ യക്ഷഗാനഘടനയിലേക്ക് പെണ്ണ് കടന്നുചെന്നാൽ  എന്തു സംഭവിക്കുന്നുവെന്നാണ് നാടകം അന്വേഷിക്കുന്നത്. ദ്രൗപദീവസ്ത്രാക്ഷേപകഥയെ ആധാരമാക്കി യക്ഷഗാനം അരങ്ങിലും അണിയറയിലുമായാണ് നാടകം രൂപപ്പെടുന്നത്. പുരുഷൻ ദ്രൗപദിവേഷത്തിലും സ്ത്രീ ദുര്യോധനവേഷത്തിലും എത്തുന്നതിലൂടെ നാടകം സാമ്പ്രദായികതയെ ചോദ്യം ചെയ്യുന്നു.

മുണ്ടോ മൊസാർട്ടും മലായ് മാനും തിങ്കളാഴ്ചയും പ്രേക്ഷകർ ഏറ്റെടുത്തു. രാവിലെ മീറ്റ് ദ ആർട്ടിസ്റ്റും അരങ്ങിന്റെ ചെറുത്തു നിൽപ്പ് സെമിനാറും നടന്നു. 
 

പ്രധാന വാർത്തകൾ
Top