15 October Monday

തൊടുപുഴയിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണം: മൂന്ന് എസ്ഡിപിഐക്കാർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018



തൊടുപുഴ> സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് അടിച്ചുതകർത്ത കേസിൽ മൂന്ന് എസ്‌ഡിപിഐ നേതാക്കൾ അറസ്റ്റിൽ. ഉടുമ്പന്നൂർ ഇടമറുക് കൊക്കരണി മങ്കരയിൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഈഷ (44), കാരിക്കോട് കുമ്പംകല്ല് കോതായിക്കുന്നേൽ അലിക്കുഞ്ഞിന്റെ മകൻ നവാസ് (42), കാരിക്കോട് കുമ്പംകല്ല് ഓലിക്കപ്പാറയിൽ അബ്ദുൾ അസീസിന്റെ മകൻ അമീൻ (20) എന്നിവരാണ് പിടിയിലായത്. ഓഫീസ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത് ആറുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി.വെള്ളിയാഴ്ച പുലർച്ചെ 5.20ന് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘമാണ് പാലാ റോഡിലെ സ. കെ എസ് കൃഷ്ണപിള്ള സ്മാരക മന്ദിരം ആക്രമിച്ചത്. ഓഫീസിന്റെ 13 ജനാല്‍ചില്ലുകൾ അടിച്ചു തകർത്ത സംഘം ഒരു സ്വിച്ച്‌ ബോർഡും നശിപ്പിച്ചു.

ഓഫീസിലുണ്ടായിരുന്ന എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ലിനു ജോസിന് കൈയിൽ ചില്ലുതറച്ച് പരിക്കേറ്റിരുന്നു. അക്രമികൾ തുണികൊണ്ട് മുഖം മറച്ചിരുന്നു. സംഘത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സിസി ക്യാമറയിലുടെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ഗൂഢാലോചനസംബന്ധിച്ച വിവരവും ലഭിച്ചത്‌. എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി സുബൈറിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top