13 November Tuesday

ദുരിതാശ്വാസ നിധിയുടെ പേരിലും വ്യാജൻമാർ: ഒരാള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പർ മാറ്റി പ്രചരിപ്പിച്ച‌് തട്ടിപ്പിന‌് ശ്രമിച്ചയാൾ പിടിയിൽ. തമിഴ‌്നാട‌് തിരുച്ചിറപ്പള്ളി സ്വദേശി വിജയകുമാറിനെയാണ‌് സൈബർ ഡോമിന്റെ സഹായത്തോടെ പൊലീസ‌് പിടികൂടിയത‌്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയത‌ു. പ്രളയക്കെടുതി പരിഹരിക്കുന്നതിന‌് ധനസഹായം അഭ്യർഥിച്ച‌് സംസ്ഥാന സർക്കാർ ഔദ്യോഗീകമായി നൽകിയ പരസ്യത്തിൽ കൃത്രിമം കാണിച്ച‌് പ്രചരിപ്പിച്ച‌് പണം തട്ടാനായിരുന്നു ശ്രമം.

ഫോട്ടോഷോപ്പിന്റെ സഹായത്തോടെ പരസ്യത്തിലെ അക്കൗണ്ട‌് നമ്പർ മാറ്റി സോഷ്യൽമീഡിയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. കേരളത്തിന‌് സംഭാവന നൽകണമെന്ന രീതിയിലായിരുന്നു പ്രചരണം. ഇത‌് ശ്രദ്ധയിൽപെട്ട ഉടൻ കേരള പൊലീസിന്റെ സൈബർ ഡോം ഇടപെട്ട‌് വ്യാജ അക്കൗണ്ട‌് റദ്ദ‌് ചെയ്യിപ്പിച്ചു. ബാങ്കിന്റെ സഹായത്തോടെ വ്യാജപ്രചരണം നടത്തിയ ആളിന്റെ വിലാസം ശേഖരിച്ച‌് തിരുച്ചിറപ്പള്ളിയിലെത്തി ഇയാളെ പിടികൂടി. തിരുവനന്തപുരത്തെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ‌് ചെയ‌്‌തു.

ഇയാളുടെ ഫേസ‌്ബുക്ക‌് പോസ‌്റ്റ‌് നിരവധി പേർ ഷെയർ ചെയ‌്തതായും സൈബർ ഡോം കണ്ടെത്തിയിട്ടുണ്ട‌്. അക്കൗണ്ട‌് റദ്ദാക്കിയതിനാൽ അതിലേക്ക‌് പണം അയക്കാനാകില്ലെന്നും ആശങ്കയില്ലെന്നും സൈബർ ഡോം മേധാവി ഐ ജി മനോജ‌് എബ്രഹാം പറഞ്ഞു. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ‌് നടക്കുന്നുണ്ടോയെന്ന‌് പരിശോധിച്ച‌് വരികയാണ‌്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന എല്ലാവരെയും പിടികൂടുമെന്നും ഐ ജി പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top