24 September Monday

എറണാകുളത്തെ വീണ്ടെടുത്ത‌് യുവത

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


കൊച്ചി
ചൊവ്വാഴ‌്ച രാവിലെ ആലുവ ജങ‌്ഷനിലെ ശ്രീകൃഷ‌്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അരക്കിലോമീറ്ററോളം പെരിയാർ അവശേഷിപ്പിച്ച ചെളി മുട്ടൊപ്പമായിരുന്നു. വൈകിട്ട‌് ആയപ്പോഴേക്കും റോഡ‌് ക്ലീൻ. ഡിവൈഎഫ‌്ഐ തലശേരി ബ്ലോക്ക‌് കമ്മിറ്റിയിൽനിന്നെത്തിയ അറുപതോളം യുവാക്കളാണ‌് മണിക്കൂറുകൾകൊണ്ട‌് റോഡ‌് വൃത്തിയാക്കിയത‌്. ജില്ലയിലൊട്ടാകെയുള്ള കാഴ‌്ചയും ഇതായിരുന്നു.

വിവിധ ജില്ലകളിൽനിന്നുള്ള പതിനായിരത്തോളം യുവതീ യുവാക്കളെയാണ‌് പ്രളയം കവർന്ന എറണാകുളം ജില്ലയെ വീണ്ടെടുക്കാൻ ഡിവൈഎഫ‌്ഐ നിയോഗിച്ചത‌്. പ്രത്യേക യൂണിഫോമിൽ എല്ലാ സജ്ജീകരണങ്ങളുമായാണ‌് യൂത്ത‌് ബ്രിഗേഡ‌് ശുചീകരണത്തിനിറങ്ങിയത‌്. നേതൃത്വം നൽകി സംസ്ഥാന പ്രസിഡന്റ‌് എ എൻ ഷംസീറും എം സ്വരാജും മുഴുവൻ സമയവും ഒപ്പമുണ്ടായി.

വെള്ളം ഇറങ്ങിത്തുടങ്ങിയ ഭാഗങ്ങളിലെ വീടുകളും റോഡുകളും സ‌്കൂളുകളും ശുചീകരിക്കുന്നതിനാണ‌് ഡിവൈഎഫ‌്ഐ മുന്നിട്ടിറങ്ങിയത‌്.  രക്ഷാപ്രവർത്തനത്തിന്റെ തുടക്കംമുതൽ ഡിവൈഎഫ‌്ഐ പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു. തുടർന്ന‌് ക്യാമ്പുകളിൽ സാധനങ്ങൾ എത്തിക്കാനും ശുദ്ധജല വിതരണത്തിനും സഹായങ്ങൾക്കും പ്രവർത്തകർ ഒന്നാകെ രംഗത്തിറങ്ങി. വെള്ളപ്പൊക്കം രൂക്ഷമായിരുന്ന പറവൂർ, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ആയിരത്തിലധികം പ്രവർത്തകർ വീതമാണ‌് ശുചീകരണത്തിലേർപ്പെട്ടത‌്. കണ്ണൂർ ജില്ലയിൽനിന്ന‌് 600 പ്രവർത്തകരും പാലക്കാട്ടുനിന്ന‌് 400 പേരും മറ്റു ജില്ലകളിൽനിന്ന‌് 300 പേർ വീതവുമാണ‌് എത്തിയത്‌.  പ്രളയക്കെടുതി നേരിടുന്ന ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിൽനിന്നും പ്രവർത്തകർ എത്തി.

പ്രധാന വാർത്തകൾ
Top