17 November Saturday

പിണറായി നേതൃത്വമികവ‌് എന്തെന്ന്‌ കാണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


തിരൂര്‍
ഒരു ഭരണാധികാരിയും ഇന്നേവരെ ചെയ്യാത്ത കാര്യങ്ങളാണ് ഈ മഹാപ്രളയകാലത്ത‌് മുഖ്യമന്ത്രി പിണറായി വിജയൻ  ചെയ്തതെന്ന‌്  സാഹിത്യകാരൻ സി രാധാകൃഷ‌്ണൻ പറഞ്ഞു. എല്ലാവരെയും കൂടെക്കൂട്ടി, പ്രശ‌്നത്തിന്റെ എല്ലാ ഭാഗങ്ങളും ശ്രദ്ധിച്ചു. നാട്ടുകാരെയും ജീവനക്കാരെയും  ഡോക്ടർ, നേഴ‌്സ‌് അടക്കം എല്ലാവരെയും ഒറ്റക്കെട്ടായി ചേർത്തുനിർത്തി പ്രളയത്തെ തടഞ്ഞു. നേതൃത്വമികവ് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ‌് മുഖ്യമന്ത്രി.

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഉൽകണ്ഠപ്പെടാതെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ അങ്ങേയറ്റത്തെ പരിശ്രമം നടത്തി. ജനങ്ങളെ ഒരുവിധത്തിലും ആശങ്കകളിലാക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ എല്ലാ ഇടപെടലും. എല്ലാം നെഗറ്റീവായി  കാണാതെ പോസിറ്റീവായി ചിന്തിക്കാൻ  മാധ്യമപ്രവർത്തകരെ ഉപദേശിച്ച‌് ദുരന്തകാലത്ത‌് എങ്ങനെ പ്രവർത്തിക്കണമെന്ന സന്ദേശം പകർന്നുതന്നു.

ഈ ദുരന്തത്തെ കേരളം അതിജീവിക്കും. കേരളത്തിന്  സഹായങ്ങൾ ഒഴുകുകയാണ‌്. നൽകുന്ന പണം അർഹമായവിധത്തിൽ ചെലവഴിക്കാൻ ഭരണകൂടത്തിന് കഴിയുമെന്ന വിശ്വാസമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം സൂചിപ്പിക്കുന്നത‌്. ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കാൻ കാരണമെന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സി രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവനയും നൽകി. മുഖ്യമന്ത്രിയുടെ പ്രസ‌് സെക്രട്ടറി പ്രഭാവർമ മുഖേനയാണ് ചെക്ക് അയച്ചത്.
സി രാധാകൃഷ്ണന്റെ ചമ്രവട്ടത്തെ വീടിനുചുറ്റും വെള്ളക്കെട്ടായതിനാൽ നാലുദിവസം തുഞ്ചൻപറമ്പിലേക്ക് കുടുംബസമേതം മാറിനിൽക്കേണ്ടിവന്നിരുന്നു.

പ്രധാന വാർത്തകൾ
Top