14 November Wednesday

അഭിമന്യു മഹാരാജാസ് ലൈബ്രറി; ഡിവൈഎഫ്‌ഐ പുസ്തകശേഖരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018


കൊച്ചി
വട്ടവടയിൽ ഒരു ലൈബ്രറി എന്ന അഭിമന്യുവിന്റെ സ്വപ‌്നം സഫലമാക്കാൻ നാടാകെ ഒരുമിച്ചു. പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐ, ക്യാമ്പസ‌്ഫ്രണ്ട‌് ക്രിമിനലുകൾ   കൊലപ്പെടുത്തിയ മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ‌്എഫ‌്ഐ നേതാവുമായ അഭിമന്യുവിന്റെ ഗ്രാമമായ വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക്  ഡിവൈഎഫ്ഐ നേത്യത്വത്തിലുള്ള പുസ്തകശേഖരണത്തിന‌് ശനിയാഴ്ച തുടക്കമായി.  ജില്ലാതല ഉദ്ഘാടനം 'സാഫല്യം' മാസികയുടെ ചീഫ് എഡിറ്റർ വി സുബ്രഹ്മണ്യന്റെ ഓഫീസിൽനിന്ന‌് പുസ്തകങ്ങൾ ഏറ്റുവാങ്ങി ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ നിർവഹിച്ചു. 101 പുസ‌്തകങ്ങളാണ‌് അദ്ദേഹം നൽകിയത‌്.  ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ് അധ്യക്ഷയായി. സോളമൻ സിജു, ഖദീജ റഷ്ബത്ത്, ശ്രീനാഥ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് കമ്മിറ്റികളിൽ നിന്നും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ‌്  ഡിവൈഎഫ്ഐ പ്രവർത്തകർ പുസ്തകങ്ങൾ ശേഖരിക്കുന്നത്. ശേഖരണം ഞായറാഴ്ചയും തുടരും. 24ന് അങ്കമാലിയിൽനിന്ന് പര്യടനം ആരംഭിക്കുന്ന പുസ്തക വണ്ടി  ഓരോ ബ്ലോക്കുകമ്മിറ്റികളിലും എത്തി പുസ്തകങ്ങൾ ഏറ്റുവാങ്ങി വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിയിൽ എത്തിക്കും. പുസ്തകങ്ങൾ നൽകാൻ താൽപ്പര്യമുള്ളവർ  9061858430 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

പ്രധാന വാർത്തകൾ
Top