17 November Saturday

ആന അറിയുന്നോ ലുക‌് ഔട്ട‌് നോട്ടീസ‌്

കെ എൻ സനിൽUpdated: Friday Jun 22, 2018


നാട്ടിൽ നിയമസഭയിൽ ചർച്ച ചെയ്യുന്നതും വനംവകുപ്പ‌് റെഡ‌് അലർട്ടും ലുക‌് ഔട്ട‌് നോട്ടീസും പുറപ്പെടുവിക്കുന്നതും ആന അറിയുന്നുണ്ടോ. ചോദ്യം വനം മന്ത്രിയുടേതാണ‌്. നിയമസഭയിൽ ശുന്യവേളയിലായിരുന്നു പാലക്കാട‌് ജില്ലയിൽ കാട്ടാനയുടെ ആക്രമണം സംബന്ധിച്ച‌് ഷാഫി പറമ്പിലിന്റെയും കെ വി വിജയദാസിന്റെയും സബ‌്മിഷനിടെ ചിരി പടർത്തി മന്ത്രിയുടെ പരാമർശം.

പാലക്കാട്ടെ സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനിടെ പി ടി തോമസും എൻ ഷംസുദ്ദീനും വിഷയം ലഘൂകരിക്കുന്ന തരത്തിൽ ഇടപെടാൻ തുടങ്ങിയപ്പോഴാണ‌് മന്ത്രിയുടെ പരാമർശം.  വനാതിർത്തിയിൽ നല്ല ഭക്ഷണം ലഭിക്കുന്ന പ്രദേശങ്ങൾ ആനയെപ്പോലുള്ള മൃഗങ്ങൾക്ക‌് അറിയാം. അവ ഭക്ഷണം തേടി നാട്ടിലിറങ്ങും. അത‌് തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട‌്. കുങ്കിയാനകളെ പരിശീലനത്തിനയച്ചിട്ടുണ്ടെന്നും അവ തിരിച്ചെത്തിയാൽ പ്രശ‌്നത്തിന‌് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

എന്തും പറയാം മഹതാ, എന്തും പറയും വഷളാ എന്ന നാടൻ പ്രയോഗം വ്യാഴാഴ‌്ച നിയമസഭയിലെ നടപടിക്രമങ്ങൾ കണ്ടവർക്ക‌് ഓർമവന്നുവെങ്കിൽ അവരെ കുറ്റപ്പെടുത്തിയിട്ട‌് കാര്യമുണ്ടോ. കേരള ഹൈക്കോടതി ഭേദഗതി ബില്ലിന‌് വിയോജിപ്പ‌് രേഖപ്പെടുത്തി സംസാരിക്കുന്നതിനിടെ പി ടി തോമസ‌് നടത്തിയ പ്രസംഗ ശൈലിയാ‌ണ‌് സഭയ‌്ക്കാകെ നാണക്കേടായത‌്. തുടർ നടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസ‌് ഫയൽ വിളിച്ചുവരുത്തിയതിനെ, മുഖ്യമന്ത്രി ഫയൽ മുക്കിയെന്ന‌ ആരോപണവുമായി അവതരിപ്പിച്ചു തുടങ്ങിയ തോമസ‌് എല്ലാ മര്യാദകളും ലംഘിച്ചു.

സഹസാമാജികരെ പരിഹസിച്ചും ഫെയൽ പെൻഡിങ്ങിൽ വച്ചതിനെ ഹൈക്കോടതിയിൽ ഫയൽ കാണാതായതുമായി താരതമ്യം ചെയ‌്തും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ദുസ്സൂചനകൾ നിറഞ്ഞ പരാമർശങ്ങൾ നിറച്ചുമായിരുന്നു തോമസിന്റെ പ്രസംഗം.കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനമാണെന്നായിരുന്നു കഴിഞ്ഞ നിയമസഭാസമ്മേളനംവരെ പ്രതിപക്ഷ ആരോപണം. വ്യാഴാഴ‌്ച അതെല്ലാം വിഴുങ്ങി. ഓരോ ക്യാബിനറ്റ‌് യോഗത്തിലും നൂറുകണക്കിന‌ു തസ‌്തിക സൃഷ്ടിച്ച‌് സാമ്പത്തിക അച്ചടക്കമില്ലായ‌്മ കാണിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയുടെ ആരോപണം.

കേരള ജലസേചനവും ജലസംരക്ഷണവും ഭേദഗതി ബിൽ, എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല ഭേദഗതി ബിൽ, കേരള ഹൈക്കോടതി ഭേദഗതി ബിൽ എന്നിവയും വ്യാഴാഴ‌്ച നിയമസഭ ചർച്ചചെയ‌്ത‌് പാസാക്കി. സി കെ ശശീന്ദ്രൻ, ഇ എസ‌് ബിജിമോൾ, എൽദോ എബ്രഹാം, വി ടി ബൽറാം, എൻ എ നെല്ലിക്കുന്ന‌്, അൻവർ സാദത്ത‌്, പി കെ അബ്ദുറബ്ബ‌് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top