14 November Wednesday

റബർ പാർക്ക‌് സ്ഥാപിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018



തിരുവനന്തപുരം
റബർ വ്യവസായത്തിന്റെ പുരോഗതിക്കായി റബർ പാലിൽനിന്ന് ടയർ ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന‌് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്ന റബർ പാർക്ക് സ്ഥാപിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

റബർമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന‌് ക്രിയാത്മകമായ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന‌് സുരേഷ‌്കുറിപ്പിന്റെ ശ്രദ്ധ ക്ഷണിക്കലിന‌് മുഖ്യമന്ത്രി മറുപടി നൽകി.

റബറുമായി ബന്ധപ്പെട്ട‌് സിയാൽ മോഡലിൽ ഒരു കമ്പനി രൂപീകരിക്കുന്നത‌് പരിഗണനയിലാണ‌്. പ്രാരംഭദശയിൽ സർക്കാർ തുടങ്ങി, പിന്നീട‌് സ്വകാര്യസംരംഭകരെക്കൂടി ക്ഷണിക്കാനാണ‌് ഉദ്ദേശിക്കുന്നത‌്.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സംവിധാനവും സാങ്കേതിക മികവും വിപണനസാധ്യതയും പ്രധാനമായും പരിശോധിക്കപ്പെടണം. ഇതിനായി  സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും.

കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികളുടെ ആഭിമുഖ്യത്തിൽ നാളികേരം, റബർ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ  കാർഷികവിഭവങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന വ്യവസായശൃംഖലയ്ക്ക് രൂപംനൽകുമെന്നും ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും എൽഡിഎഫ‌് സർക്കാർ  വ്യക്തമാക്കിയിരുന്നു.

ഇറക്കുമതിനയം മൂലം റബറിന്റെ വിപണനസാധ്യത നഷ്ടപ്പെടുന്നു. ഉൽപ്പാദനച്ചെലവിന‌് ആനുപാതികമായ വിലയും ലഭിക്കുന്നില്ല. കാർഷികമേഖലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ റബറിന് ലഭിക്കുന്നില്ല എന്നതും പ്രശ്‌നമാണ‌്. അതിനാൽ റബർ ലാറ്റെക്‌സും ഷീറ്റും കാർഷികോൽപ്പന്നമായി പ്രഖ്യാപിക്കുന്നിന് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തേണ്ട സാഹചര്യമാണ‌്. ഇതിനുള്ള ശക്തമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത‌്.

ഇതിലൂടെ റബർകർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് രൂപംനൽകുന്നതിനും റബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും ഒരു ടാസ്‌ക് ഫോഴ്‌സ് ഓൺ റബർ രൂപീകരിച്ചിട്ടുണ്ട്.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ഉൽപ്പാദനച്ചെലവിന്റെ പകുതികൂടി ചേർത്ത് ഉൽപ്പന്നവില നിശ്ചയിക്കണമെന്നാണ്. ഇത് നടപ്പാക്കുന്ന കാര്യം കേന്ദ്ര സർക്കാർ തത്വത്തിൽ പരിഗണിച്ചിട്ടുണ്ട്.

എന്നാൽ, അതിന്റെ നേട്ടം റബറിന് ലഭിക്കണമെങ്കിൽ കാർഷിക വിളയായി അംഗീകരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ പ്രധാന നാണ്യവിള എന്ന നിലയിൽ പ്രകൃതിദത്ത റബർ ഉപയോഗിച്ചുള്ള റബർ ഉൽപ്പന്നങ്ങളുടെ നിർമാണം ആരംഭിക്കുന്നതിനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ട‌്ബ മുഖ്യമന്ത്രി അറിയിച്ചു.

പ്രധാന വാർത്തകൾ
Top