25 September Tuesday

ചെറുതനയിലെ മണൽ അഴിമതി: പഞ്ചായത്ത്‌ സെക്രട്ടറിയെ തടഞ്ഞുവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


ഹരിപ്പാട്‌
അനധികൃത മണൽകടത്തിന്‌ ഒത്താശചെയ്‌ത ചെറുതന പഞ്ചായത്ത്‌ സെക്രട്ടറിയെ സിപിഐ എം നേതൃത്വത്തിൽ തടഞ്ഞുവച്ചു. പഞ്ചായത്ത്‌ കമ്മിറ്റി വിളിച്ചുചേർത്ത്‌ തീരുമാനിക്കുന്നതുവരെ മണൽ പാസ്‌ വിതരണം നിർത്തിവയ‌്ക്കാമെന്നു സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകിയ ശേഷമാണ്‌ സമരം അവസാനിപ്പിച്ചത്‌. 

ഏതാനും പെർമിറ്റിന്റെ മറവിൽ വൻതോതിൽ മണൽകടത്തി പഞ്ചായത്തിനു കോടിക്കണക്കിനു രൂപ നഷ്ടമുണ്ടാക്കിയതായി പരക്കെ പരാതി ഉയർന്നിരുന്നു. കരാറുകാരന്‌ അനുകൂലമായി തട്ടിപ്പിനു കൂട്ടുനിൽക്കുന്ന സമീപനമാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഭരണസമിതിയും ഉദ്യോഗസ്ഥരും സ്വീകരിച്ചത്‌. ലോക്കൽ ഫണ്ട്‌ ഓഡിറ്റ്‌ റിപ്പോർട്ടിൽ പഞ്ചായത്തിന്റെ തെറ്റായ തീരുമാനങ്ങൾ വഴി റോയൽറ്റി ഇനത്തിലും നികുതിയിനത്തിലുമായി പൊതുഖജനാവിനു കോടിക്കണക്കിനു രൂപ നഷ്ടപ്പെടാനിടയായത‌് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരുത്തൽ നടപടിക്ക്‌ പഞ്ചായത്ത്‌ തയ്യാറായില്ല.

മണലെടുപ്പു കരാറുകാരനുമായി ഉണ്ടാക്കിയ കരാറിൽ മാറ്റംവരുത്താൻ പഞ്ചായത്ത്‌ കമ്മിറ്റി കൂട്ടുനിന്നതായും പരാതിയുണ്ട‌്. കരാറുകാരന്‌ കൊള്ളലാഭമുണ്ടാക്കുംവിധമുള്ള കോടതി ഉത്തരവ്‌ പുറപ്പെടുവിക്കാനുള്ള സാഹചര്യവും ഭരണസമിതിയൊരുക്കി. കരാറുകാരന‌് കാലാവധിക്കുള്ളിൽ മണൽ എടുത്തുമാറ്റാൻ കഴിയാതിരുന്നിട്ടും കരാർ റദ്ദാക്കി നഷ്ടപരിഹാരം ഈടാക്കാൻ പഞ്ചായത്ത്‌ തയ്യാറായില്ല. മണലിന്റെ നിരക്ക് പുതുക്കി നിശ്‌ചയിക്കാതെ കരാർ നീട്ടിക്കൊടുക്കുകവഴി പഞ്ചായത്തിനു വീണ്ടും നഷ്ടമുണ്ടാക്കുകയാണുണ്ടായത്‌. കരാർ പുതുക്കി നൽകുന്ന വിഷയം ചർച്ച ചെയ്‌ത യോഗത്തിൽ സിപിഐ എം അംഗങ്ങൾ വിയോജിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. ഒരംഗത്തിന്റെ ഭൂരിപക്ഷം ഉപയോഗിച്ച്‌ സിപിഐ എം അംഗങ്ങളുടെ എതിർപ്പ്‌ തള്ളി കരാർപുതുക്കി നൽകുകയായിരുന്നു. 

മൂന്ന്‌ ലോഡ്‌ മണലിന്‌ വാങ്ങിയ പാസ്‌ ഉപയോഗിച്ച്‌ രാത്രിയിൽ 11 ലോഡ്‌ മണൽ കടത്താൻ ശ്രമിച്ചതു നാട്ടുകാർ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. പെർമിറ്റില്ലാതെ കടത്തിയ മണൽ പിടിച്ചെടുത്തു കലക്ടർക്ക്‌ കൈമാറാതെ പൊലീസും അഴിമതിക്ക്‌ കൂട്ടുനിന്നു.

കരാർ വ്യവസ്ഥ ലംഘിച്ചതിനു നടപടിയെടുക്കാതെ പൊലീസ്‌ കസ്‌റ്റഡിയിലുള്ള മണലിനു നിയമവിരുദ്ധമായി പാസ്‌ അനുവദിച്ച്‌ തട്ടിപ്പിനു സാധൂകരണം ഉണ്ടാക്കുകയാണ്‌ ഭരണസമിതി ചെയ്‌തത്‌. ഇതിന്‌ ഉത്തരവാദികളായ ഭരണകക്ഷി അംഗങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐ എം ഉപരോധം.

ഹരിപ്പാട്‌ ഏരിയ സെക്രട്ടറി എൻ സോമൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ശ്രീകുമാർ ഉണ്ണിത്താൻ, സി പ്രസാദ്‌, ലോക്കൽ കമ്മിറ്റിയംഗം ആർ സുരേഷ്‌കുമാർ, പഞ്ചായത്തംഗങ്ങളായ രാജേഷ്‌കുമാർ, ശ്രീകല, കൃഷ്‌ണകുമാരി, സുജിനി സജിത്‌, സരിതാ സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

പ്രധാന വാർത്തകൾ
Top