Top
24
Wednesday, January 2018
About UsE-Paper

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് 8750 പേരെ അയോഗ്യരാക്കി

Thursday Dec 21, 2017
വെബ് ഡെസ്‌ക്‌

 തിരുവനന്തപുരം > തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിച്ച 8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും തെരഞ്ഞെടുപ്പില്‍ പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതിനുമാണിത്.

2015 നവംബറില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണിവര്‍. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലോ 2020ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലോ 2022വരെ നടക്കാവുന്ന ഉപതെരഞ്ഞെടുപ്പുകളിലോ ഇവര്‍ക്ക് മത്സരിക്കാനാകില്ല.

ജില്ല, ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും മത്സരിച്ച 7178 പേരെയും, മുനിസിപ്പല്‍ കൌണ്‍സിലുകളിലേക്കും മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും മത്സരിച്ച 1572 പേരെയുമാണ് കമീഷന്‍ അയോഗ്യരാക്കിയത്. എറണാകുളം ജില്ലയിലാണ് കൂടുതല്‍പേര്‍ (1031) അയോഗ്യരായത്. ഏറ്റവും കുറവ് വയനാട് (161). ഏറ്റവും കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളുള്ള മലപ്പുറം ജില്ലയില്‍ 972 പേരെയും അയോഗ്യരാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കാത്തതോ അധിക തുക ചെലവഴിച്ചതോ ആയ 882 പഞ്ചായത്തുകളിലെ 6559 പേരും 145 ബ്ളോക്ക് പഞ്ചായത്തുകളിലെ 557 പേരും 14 ജില്ലാ പഞ്ചായത്തുകളിലെ 62 പേരും  അയോഗ്യരാക്കിയവരില്‍ ഉള്‍പ്പെടും. 84 മുനിസിപ്പാലിറ്റികളിലായി 1188 പേരും 6 കോര്‍പറേഷനുകളില്‍ 384 പേരും അയോഗ്യരായി.

കേരള പഞ്ചായത്ത്രാജ്, മുനിസിപ്പാലിറ്റി ആക്ടുകള്‍ക്ക് വിധേയമായി ചെലവ് കണക്ക് നല്‍കാത്തവര്‍ക്ക് അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

തെരഞ്ഞെടുപ്പു കമീഷന്റെ തീരുമാനത്തിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാം. അയോഗ്യതയിലൂടെ നിലവിലുള്ള അംഗങ്ങളുടെ ഒഴിവ് ഉണ്ടാകുന്നുണ്ടെങ്കില്‍ അറിയിക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ കമീഷന്‍ www.sec.kerala.gov.in  വെബ്സൈറ്റില്‍.
 

Related News

കൂടുതൽ വാർത്തകൾ »