20 April Friday

കണ്‍സ്യൂമര്‍ഫെഡ് 2060 ക്രിസ്മസ്-പുതുവത്സര വിപണികള്‍ തുറക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Dec 21, 2017

തിരുവനന്തപുരം > സംസ്ഥാനത്ത്  ഉത്സവകാലത്തെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതിന്റെഭാഗമായി കണ്‍സ്യൂമര്‍ഫെഡ് ഇക്കുറി 2060 ക്രിസ്മസ്-പുതുവത്സര വിപണികള്‍ തുറക്കും.  ഇതില്‍ 1670  എണ്ണം ഗ്രാമങ്ങളിലാണ്. ഇതിനുപുറമെ സഞ്ചരിക്കുന്ന ത്രിവേണി യൂണിറ്റുകളുമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ്-പുതുവത്സര സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം  തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 40 ഇനങ്ങളാണ് 30മുതല്‍ 40ശതമാനം വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് വിപണിയില്‍ ലഭിക്കുന്നത്.
കേരളീയര്‍ ജാതിമതവ്യത്യാസമില്ലാതെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ഇത്തവണത്തെ ക്രിസ്മസിന് മാധുര്യം കൂട്ടാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ബ്രാന്‍ഡ് ക്രിസ്മസ് കേക്കുകളുമുണ്ട്.

കണ്‍സ്യൂമര്‍ഫെഡ്, സപ്ളൈകോ, ഹോര്‍ട്ടികോര്‍പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഒരുക്കുന്ന ഉത്സവകാല വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരമാണ്. ഓണക്കാലത്ത് ഇത്തരം വിപണികള്‍ മികച്ച ഇടപെടല്‍ നടത്തി. സര്‍ക്കാരിന് ജനങ്ങളോടുള്ള കരുതലിന്റെ ‘ഭാഗമായാണ് ഇത്തരം വിപണികള്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡിന്റെ വിപണികളിലൂടെ 200 കോടിയുടെ സാധനങ്ങളാണ് ക്രിസ്മസ്, പുതുവത്സരകാലയളവില്‍ വിറ്റഴിക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷനായ  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ഓണച്ചന്തകളിലൂടെ 193 കോടിയുടെ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.  കെ  മുരളീധരന്‍ എംഎല്‍എ കേക്കിന്റെ ആദ്യവില്‍പ്പന നടത്തി. ക്രിസ്മസ് കിറ്റുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
കൌണ്‍സലര്‍ പാളയം രാജന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, എംഡി ഡോ. എം രാമനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top