17 October Wednesday

ക്രിസ്‌മസ്-നവവത്സരം : 1545 സപ്ളൈകോ ചന്ത

വെബ് ഡെസ്‌ക്‌Updated: Tuesday Nov 21, 2017

തൃശൂര്‍ > ക്രിസ് മസ്-നവവത്സരം പ്രമാണിച്ച് സപ്ളൈകോ സംസ്ഥാനത്ത് 1545 സ്പെഷ്യല്‍ വിപണി തുറക്കും. 13 സബ് സിഡി ഇനങ്ങളോടു കൂടിയ ക്രിസ്മസ് ചന്തകള്‍ ഡിസംബര്‍ 14ന് ആരംഭിച്ച് 31 വരെ തുടരുമെന്ന് സപ്ളൈകോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് 'ദേശാഭിമാനി'യോടു പറഞ്ഞു. സംസ്ഥാനത്ത് 2000 വിപണികള്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ തുടങ്ങാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചിരുന്നു. ഉത്സവകാലത്ത് ആരംഭിക്കുന്ന രണ്ട് സ്പെഷ്യല്‍ വിപണികള്‍വഴി പതിനാായിരക്കണക്കിനാളുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാനിടയാക്കും. ഉത്സവകാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലിന്റെ ഭാഗമാണ് പ്രത്യേക വിപണികള്‍.

സപ്ളൈകോയ്ക്ക് സംസ്ഥാനത്ത് 952 മാവേലി സ്റ്റോര്‍, 402 സൂപ്പര്‍ മാര്‍ക്കറ്റ്, 27 പീപ്പിള്‍സ് ബസാര്‍, അഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റ്, ഒന്നുവീതം പ്രീമിയം സൂപ്പര്‍ ഔട്ട്ലെറ്റ്, അപ്ന ബസാര്‍ എന്നിവയുണ്ട്. ഇവയിലെല്ലാം ക്രിസ്മസ് വിപണിയുണ്ടാകും.

റേഷന്‍ കാര്‍ഡ് മുഖേനയാണ് സാധനങ്ങള്‍ ലഭിക്കുക. മുന്‍ഗണന വിഭാഗക്കാര്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ ലഭിക്കും. അരി ഒരോ കാര്‍ഡിനും അഞ്ചുമുതല്‍ പത്തു കിലോവരെയും പലവ്യഞ്ജനം അര കിലോമുതല്‍ ഒരു കിലോവരെയുമാണ് നല്‍കുകയെന്ന് അധികൃതര്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡ് ഡിസംബര്‍ 21 ന് തുടങ്ങുന്ന ക്രിസ്മസ്-നവവത്സര വിപണികള്‍ ജനുവരി രണ്ടുവരെ തുടരും. സപെഷ്യല്‍ വിപണികളിലൂടെ  പതിമൂന്നിനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. സപ്ളൈകോ, കണ്‍സ്യൂമര്‍ഫെഡ് സബ്സിഡി ഇനങ്ങളുടെ വിലനിലവാരം ഏറെക്കുറെ സമാനമാണ്. നോണ്‍ സബ്സിഡി ഇനങ്ങള്‍ക്കും പൊതുകമ്പോളത്തേക്കാള്‍ 25-30 ശതമാനംവരെ വില കുറവുണ്ടാകുമെന്ന് കണ്‍സ്യൂമര്‍ഫെഡ്, സപ്ളൈകോ അറിയിച്ചു.

പ്രധാന വാർത്തകൾ
Top