13 November Tuesday

ജില്ലയിൽ രക്ഷപ്പെടുത്തിയത‌് 2 ലക്ഷം പേരെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

പറവൂർ പുല്ലുകുളം എച്ച്‌എസ്‌എസിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ച വസ്‌ത്രങ്ങൾ ദുരിതബാധിതർക്ക്‌ നൽകുന്ന സന്നദ്ധ പ്രവർത്തക

കൊച്ചി
ജില്ലയിൽ രക്ഷാപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെന്ന‌് കലക്ടർ മുഹമ്മദ‌് വൈ സഫീറുള്ള പറഞ്ഞു. ജില്ലയിൽ വിവിധ സംവിധാനങ്ങളിലൂടെ രക്ഷാ പ്രവർത്തകർ രക്ഷിച്ചത‌് രണ്ടുലക്ഷത്തോളം പേരെ. കുത്തിയതോട‌്, പൂവത്തുശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ളവരെക്കൂടി സുരക്ഷിതകേന്ദ്രങ്ങളിലേക്ക‌് മാറ്റിയാൽ രക്ഷാ പ്രവർത്തനം പൂർണമാകുമെന്നും ഇനിയുള്ള ദിവസങ്ങളിൽ ശുചീകരണത്തിലും ക്യാമ്പുകളിലുള്ളവരുടെയും വീടുകളിലേക്കു മടങ്ങിയവരുടെയും ക്ഷേമപ്രവർത്തനങ്ങളിലും മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുമെന്നും കലക്ടർ അറിയിച്ചു. പത്തടിപ്പാലത്തെ ഗസ‌്റ്റ‌്ഹൗസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വാർത്താലേഖകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

15ന‌് ഉച്ചയോടെയാണ‌് ജില്ലയിൽ പെരിയാറിൽ ജലനിരപ്പുയർന്ന‌് കെടുതികളാരംഭിച്ചത‌്. ഇതൊടെ ആരംഭിച്ച രക്ഷാ പ്രവർത്തനത്തിന‌്  സാധ്യമായ എല്ലാ സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി. സർക്കാർ ജീവനക്കാരുടെയും സന്നദ്ധ പ്രവർത്തകരുടെയും മത്സ്യത്തൊഴിലാളികളുടെയും നാവിക സേന, തീര സംരക്ഷണ സേന തുടങ്ങിയവരുടെയും സേവനം പ്രയോജനപ്പെടുത്തി. മുൻഗണനാക്രമം നിശ‌്ചയിച്ച‌്, ആദ്യം സഹായം വേണ്ടവരെ രക്ഷിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.  അവിടെ ഭക്ഷണവും മറ്റ‌് ക്രമീകരണങ്ങളും ഏർപ്പെടുത്തി. എന്നാൽ പെരിയാറും ചാലക്കുടിപ്പുഴയും ചേരുന്ന ഭാഗമായതിനാൽ കുത്തിയതോട‌്, പൂവത്തുശ്ശേരി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അസാധ്യമായി. കനത്ത അടിയൊഴുക്കായതോടെ  മത്സ്യത്തൊഴിലാളികൾക്കുപോലും കടന്നുചെല്ലാൻ കഴിയാതായി. എയർലിഫ‌്റ്റ‌് സംവിധാനവും അസാധ്യമായിരുന്നു. വെള്ളമിറങ്ങി തുടങ്ങിയതോടെ ഈ ഭാത്താണ‌് ഇപ്പോൾ അവസാനഘട്ടരക്ഷാ പ്രവർത്തനം നടക്കുന്നത‌്. ഇതുകൂടി കഴിഞ്ഞാൽ രക്ഷാ പ്രവർത്തനം പൂർണമാകും.

ഇനി ശുചീകരണവും കുടിവെള്ളവിതരണവും വൈദ്യുതി പുനഃസ്ഥാപിക്കലുമാണ‌് അടിയന്തര ശ്രദ്ധവേണ്ട കാര്യങ്ങൾ. വീടുകളിലേക്ക‌് മടങ്ങിപ്പോയവർ ഭക്ഷണത്തിനോ വസ‌്ത്രത്തിനോ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുകയാകും. ആദ്യം വീട‌് വാസയോഗ്യമാക്കി മാറ്റിയെടുക്കണം.  ഭക്ഷണത്തിനും മറ്റും ഏർപ്പാടുണ്ടാക്കണം. അതിലാണ‌് വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. രണ്ടാഴ‌്ചയ‌്ക്കകം കാര്യങ്ങൾ സാധാരണനിലയിലേക്ക‌് കൊണ്ടുവരാനാകുമെന്നാണ‌് പ്രതീക്ഷയെന്നും കലക്ടർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top