17 November Saturday
എല്ലാം കൂട്ടിയിണക്കി കൺട്രോൾ റൂം

വിശ്രമമില്ലാതെ അധ്വാനം; സേവനത്തിന്റെ സന്തോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018


കൊച്ചി
ഊണും ഉറക്കവുമില്ലാതെ കഴിഞ്ഞ അഞ്ചുദിവസം ജില്ലയിലെ മുഴുവൻ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത‌് ജില്ലാ ഭരണാധികാരികളുടെ നേതൃത്വത്തിലുള്ള കൺട്രോൾറൂമും പ്രവർത്തകരും. ആദ്യം ആലുവ കേന്ദ്രീകരിച്ച‌് പ്രവർത്തനം തുടങ്ങുകയും വെള്ളമുയർന്നതോടെ പിന്നീട‌് കളമശേരിയിലെ  പത്തടിപ്പാലം റെസ്റ്റ്ഹൗസിലേക്ക‌് മാറ്റുകയും ചെയ‌്ത കൺട്രോൾറൂമിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണു സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനു വഴിതെളിഞ്ഞത‌്.
കലക്ടറടക്കം ഉദ്യോഗസ്ഥർ പലരും വീട്ടിൽപോയിട്ട് അഞ്ചുദിവസമായി.  റവന്യു വകുപ്പ‌്, വാട്ടർഅതോറിറ്റി, പബ്ലിക് റിലേഷൻസ് വകുപ്പ‌് ജീവനക്കാരും വൈദ്യുതി ബോർഡ‌് ജീവനക്കാരുമാണ‌്  മുഴുവൻസമയവും വിശ്രമമില്ലാത്ത ജോലിചെയ‌്തത‌്. ഒപ്പം സന്നദ്ധപ്രവർത്തകരും  ടെക‌്നിക്കൽസെൽ ജീവനക്കാരും ഐടി വിദഗ‌്ധരും എത്തി. ഹാം റേഡിയോ, പൊലീസ‌് വയർലെസ‌് സേവനങ്ങൾ എന്നിവയും പ്രവർത്തനങ്ങൾക്ക‌് സഹായകമായി.

വെള്ളം ഇറങ്ങിയാലും വാട്ടർഅതോറിറ്റി, വൈദ്യുതിവകുപ്പുകാരുടെ അധ്വാനം തുടരേണ്ടിവരും. രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിൽ എത്തിയതോടെ ഹാം റേഡിയോയുടെ സേവനം ഇനി വേണ്ടിവരില്ലെന്നാണ‌് കരുതുന്നത‌്. 

കൺട്രോൾറൂം കേന്ദ്രീകരിച്ച‌് രണ്ട‌് ഹെൽപ്പ‌് ലൈൻ നമ്പറുകൾ നൽകിയിരുന്നു. ഒരേസമയം ഇതിലേക്ക‌് 14 കണക‌്ഷൻ നൽകി. ഒരേസമയം 16 കോൾ സ്വീകരിക്കാൻ സംവിധാനമുണ്ടാക്കി. എല്ലാം ടെക‌്നിക്കൽ സെൽ മേഖല തിരിച്ച‌് രേഖപ്പെടുത്തി ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിനെ ഏൽപ്പിച്ചു. അവർ അടിയന്തരസഹായം മുൻഗണനാക്രമം നിശ‌്ചയിച്ച‌്  അതത‌ുമേഖലകളിൽ പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്ക‌് കൈമാറി. പിആർഡി ഒഫീഷ്യൽ വാട‌്സാപ്പ‌് ഗ്രൂപ്പുകളിലും കലക്ടറുടെ ഫേസ‌്ബുക്ക‌് പേജിലും വരുന്ന അഭ്യർഥനകളും ക്രോഡീകരിച്ചു. ഇത‌് ദുരന്തമുഖത്ത‌് പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും കിട്ടുന്ന സംവിധാനം ഉണ്ടാക്കി.

ഇതിനകം ഈ ഹെൽപ്പ‌്‌ലൈൻ സ്വീകരിച്ചത‌് നേരിട്ടുള്ള പതിനായിരത്തോളം ഫോൺകോളുകൾ. ഇതിലൂടെമാത്രം രക്ഷിച്ചത‌് 50,000ത്തോളം പേരെയും. ആദ്യദിവസം 1500 ഫോൺ കോളുകൾ ടെക‌്നിക്കൽവിഭാഗം സെല്ലിലെ ഓരോരുത്തരെയും തേടിയെത്തി. പലതും തിരിച്ചുവിളിക്കുമ്പോഴേക്കും കിട്ടാത്ത അവസ്ഥ. മൂന്നാംദിവസമായപ്പോഴേയ‌്ക്ക‌് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാമഗ്രികൾക്കുവേണ്ടിയുള്ള അഭ്യർഥനകളായി. അതും സമഗ്രതയോടെ ഏകോപിപ്പിക്കാനായി. ഇപ്പോൾ ക്യാമ്പുകളിലേക്കുള്ള സഹായങ്ങൾ കൺട്രോൾറൂം കേന്ദ്രീകരിച്ച‌് ശേഖരിച്ച‌് വിതരണംചെയ‌്തുവരുന്നു. രാവും പകലുമില്ലാതെ, ഊണും ഉറക്കവുമില്ലാതെ പണിയെടുത്തതിന്റെ ക്ഷീണമല്ല, സഹജീവികളെ സഹായിക്കാനായതിന്റെ സന്തോഷമാണ‌് ഇവരുടെ മുഖങ്ങളിൽ തെളിയുന്നത‌്.

പ്രധാന വാർത്തകൾ
Top