19 November Monday

മുത്തൂറ്റ‌് ഫിനാൻസ‌് പണിമുടക്ക‌് വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018


കൊച്ചി
മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ നടത്തുന്ന അനിശ‌്ചിതകാല പണിമുടക്ക‌് വിജയിപ്പിക്കാൻ നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ  അഭ്യർഥിച്ചു. തൊഴിൽമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ഒത്തുതീർപ്പു ചർച്ചയിലെ വ്യവസ്ഥകൾ പാലിക്കാതെ സർക്കാരിനെയും ജീവനക്കാരെയും വെല്ലുവിളിക്കുന്ന മാനേജ‌്മെന്റ‌് നടപടിക്കെതിരെയാണ‌് ആഗസ‌്ത‌് രണ്ടുമുതൽ സംസ്ഥാന വ്യാപകമായി മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ പണിമുടക്കുന്നത‌്.
ജൂൺ 18 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക‌് മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ഒത്തുതീർപ്പു ചർച്ചയെത്തുടർന്നാണ‌് പിൻവലിച്ചത‌്. അന്നത്തെ ഒത്തുതീർപ്പു വ്യവസ്ഥകൾ ഒരുമാസം കഴിഞ്ഞിട്ടും നടപ്പാക്കാത്ത മാനേജ‌്മെന്റ‌് നടപടിയാണ‌് ജീവനക്കാരെ വീണ്ടും പണിമുടക്കിലേക്കെത്തിച്ചത‌്.

മുത്തൂറ്റ‌് ഫിനാൻസിൽ ജീവനക്കാരുടെ സംഘടന രൂപീകരിച്ചതുമുതൽ അതിൽ അംഗങ്ങളായവർക്കെതിരെ പ്രതികാര നടപടികളാണ‌് മാനേജ‌്മെന്റ‌് കൈക്കൊണ്ടത‌്.  ദൂരസ്ഥലങ്ങളിലേക്ക‌് സ്ഥലംമാറ്റുക, ആനുകൂല്യങ്ങൾ തടഞ്ഞുവയ‌്ക്കുള്ള, മികച്ച പ്രകടനത്തിനു നൽകുന്ന വിദേശയാത്ര നിഷേധിക്കുക, ഇഎസ‌്ഒപി തടഞ്ഞുവയ‌്ക്കുക, അർഹമായ ബോണസ‌് നൽകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും സേവന വേതന പരിഷ‌്കരണം ആവശ്യപ്പെട്ടും മാനേജ‌്മെന്റിന‌്  അവകാശപത്രിക നൽകി. തൊഴിൽമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ഒത്തുതീർപ്പു വ്യവസ്ഥയുണ്ടാക്കുകയും ചെയ‌്തു. എന്നാൽ, ഇൗ വ്യവസ്ഥകൾ നടപ്പാക്കാൻ മാനേജ‌്മെന്റ‌് ഇതേവരെ തയ്യാറായില്ല. മാത്രമല്ല, സ്ഥാപനത്തിലെ ഏതാനും മേലുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുതിയൊരു സംഘടന രൂപീകരിച്ച‌് നിലവിലുള്ള സംഘടനയെ തകർക്കാനുള്ള നീക്കവും നടത്തുന്നു. ഇത്തരം തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ നടത്തുന്ന അനിശ‌്ചിതകാല പണിമുടക്ക‌് വിജയിപ്പിക്കാൻ എല്ലാ ജീവനക്കാരും മുന്നിട്ടിറങ്ങണമെന്ന‌് അസോസിയേഷൻ അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top