Top
15
Friday, December 2017
About UsE-Paper
തട്ടിപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയോടെ

കടകംപള്ളി ഭൂമിതട്ടിപ്പ്: വ്യാജ തണ്ടപ്പേര്‍ റദ്ദാക്കി

Saturday Apr 22, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും ഗണ്‍മാനുമായിരുന്ന സലീംരാജിന്റെ നേതൃത്വത്തില്‍ ഭൂമാഫിയസംഘം തട്ടിയെടുത്ത കടകംപള്ളി വില്ലേജിലെ വിവാദഭൂമിയുടെ 3587 നമ്പര്‍ വ്യാജ തണ്ടപ്പേര്‍ റദ്ദാക്കി. ഏതാണ്ട് 400 കോടിയിലേറെ രൂപ വിലമതിക്കുന്ന 44.5 ഏക്കര്‍ ഭൂമിയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാഫിയസംഘം വ്യാജ തണ്ടപ്പേര്‍ ഉണ്ടാക്കി തട്ടിയെടുത്തത്. ബി 18-34852-12 നമ്പര്‍ പ്രകാരമാണ് ജില്ലാ  കലക്ടര്‍ വെങ്കിടേസപതി 3587 നമ്പര്‍ വ്യാജ തണ്ടപ്പേര്‍ റദ്ദാക്കിയത്. ഇതോടെ ഭൂവുടമകള്‍ക്ക് നികുതി അടയ്ക്കാനും വസ്തുവും സ്ഥാവരജംഗമ വസ്തുക്കളും ക്രയവിക്രയം നടത്താനും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുമുള്ള തടസ്സങ്ങളും നീങ്ങി. തട്ടിപ്പിനിരയായി ദുരിതത്തിലായത് നൂറ്റമ്പതോളം കുടുംബങ്ങളായിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വര്‍ക്കല കഹാറിന്റെ അടുത്ത ബന്ധുക്കളും ഇതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ചെയ്ത കേസിലെ പ്രധാന പ്രതികളാണ്.

കടകംപള്ളി വില്ലേജിലെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ കൃത്രിമമായി 3587 നമ്പര്‍ തണ്ടപ്പേര്‍ എഴുതിച്ചേര്‍ത്തായിരുന്നു  തട്ടിപ്പ്.  വര്‍ക്കല കഹാര്‍ എംഎല്‍എയുടെ ഭാര്യയുടെ മുത്തച്ഛന്‍ അബ്ദുള്‍റഹ്മാന്‍കുഞ്ഞിന്റെ പേരിലാണ് തണ്ടപ്പേര്‍ ഉണ്ടാക്കിയത്. ഇദ്ദേഹം 1978 ജനുവരി 20ന് മരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെപേരില്‍ വ്യാജ തണ്ടപ്പേരുണ്ടാക്കിയും വസ്തു ഓഹരി വച്ചതിന്റെ രേഖകള്‍ ചമച്ചും വ്യാജ കൈമാറ്റരേഖകളും പട്ടയങ്ങളും ഉണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തിയത്. യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ലാന്‍ഡ് റവന്യൂ കമീഷണറുടെ ഓഫീസ് തൊട്ട് വില്ലേജ് ഓഫീസില്‍വരെയുള്ള ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് ഒത്താശചെയ്തു. ഇതിനെതിരെ യഥാര്‍ഥ ഭൂവുടമകള്‍ നിരവധിതവണ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന സമീപനമായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റേത്.

തട്ടിപ്പിനെതിരെ എല്‍ഡിഎഫ് ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചു. തുടര്‍ന്ന് വിജിലന്‍സും റവന്യൂ വകുപ്പും നടത്തിയ അന്വേഷണത്തിലും തട്ടിപ്പ് സ്ഥിരീകരിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ നടപടി എടുത്തില്ല. ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തിലും തട്ടിപ്പ് സ്ഥിരീകരിച്ചു. പ്രതികള്‍ക്കെതിരെ കേസെടുത്തു. തണ്ടപ്പേര്‍ റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. എന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ അനങ്ങിയില്ല. മരിച്ചയാളുടെപേരില്‍ വ്യാജ തണ്ടപ്പേരുണ്ടാക്കുക, ഇരട്ടപ്പട്ടയങ്ങള്‍ തയ്യാറാക്കുക, വ്യാജ കൈമാറ്റരേഖകള്‍ ഉണ്ടാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ചെയ്ത കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ വ്യാജതണ്ടപ്പേര്‍ റദ്ദാക്കിയത്.

Related News

കൂടുതൽ വാർത്തകൾ »