20 April Friday

നവരത്നങ്ങള്‍ പതിച്ച പതക്കം കാണാനില്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017


അമ്പലപ്പുഴ > അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലമതിക്കാനാകാത്ത നവരത്നങ്ങള്‍ പതിച്ച സ്വര്‍ണപ്പതക്കം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമീഷണര്‍ രഘുനാഥന്‍നായര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സ്ട്രോങ് റൂം അടക്കം തുറന്ന് പരിശോധിച്ചെങ്കിലും പതക്കം കണ്ടെത്താനായില്ല. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ക്ഷേത്രം സന്ദര്‍ശിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ദേവസ്വം അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സ്ട്രോങ്റൂം തുറന്ന് പരിശോധിച്ചത്. 93 ഗ്രാം തൂക്കമുള്ള പതക്കത്തില്‍ കോടികള്‍ വിലവരുന്ന നവരത്നങ്ങള്‍ പതിച്ചതാണ്. ഇതിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ഇതാണ് കാണാതായത്.

വിഷുദിനത്തില്‍ നൂറുഗ്രാം തൂക്കംവരുന്ന അമൂല്യരത്നങ്ങള്‍ പതിച്ച പതക്കവും ഒപ്പമുള്ള മറ്റുസാധനങ്ങളും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി മേല്‍ശാന്തിക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൈമാറിയിരുന്നു. എന്നാല്‍ തിരികെ നല്‍കുമ്പോള്‍ ഇതില്‍നിന്ന് പതക്കം നഷ്ടപ്പെട്ടിരുന്നതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദേവസ്വം അസിസ്റ്റന്റ് കമീഷണര്‍ക്ക് മൊഴിനല്‍കി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ എത്തണമെന്ന് മേല്‍ശാന്തിയെ വിവരമറിയിച്ചെങ്കിലും അദ്ദേഹം എത്തിയില്ലെന്ന് രഘുനാഥന്‍നായര്‍ ദേശാഭിമാനിയോട് പറഞ്ഞു.

പതക്കം കാണാതായതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം കമീഷണര്‍, സെക്രട്ടറി, പൊലീസ് എന്നിവര്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ദേവസ്വം കമീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവാഭരണം കമീഷണര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തും. ഇതോടൊപ്പമുണ്ടായിരുന്ന മുഖം, മാറ്, മാല എന്നിവയുടെ മാറ്റ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രഘുനാഥന്‍നായര്‍ പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top