കൊല്ലം> കുണ്ടറ നാന്തിരിക്കലില്‍ 16 വയസുകാരന്റെ മരണത്തിന് പിന്നിലും, കുണ്ടറ പീഡന കേസിലെ പ്രതിയായ വിക്ടര്‍ തന്നെയാണെന്ന ആരോപണം ശക്തമാകുന്നു. വിക്ടറിന്റെ വീടിന് എതിര്‍വശത്ത് താമസിച്ചിരുന്ന വിദ്യാര്‍ഥിയെ ഏഴ് വര്‍ഷം മുന്‍പാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീണ്ടും പരാതി നല്‍കുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.
2010 ജൂണ്‍ 17നാണ് കുണ്ടറ നാന്തിരിക്കല്‍ സ്വദേശിയായ അച്ചു എന്ന 16 വയസുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ വിക്ടര്‍ ആണെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊലീസ് പരാതി അവഗണിക്കുകയായിരുന്നു. മരിച്ച വിദ്യാര്‍ഥിയുടെ മാതാവും, സഹോദരിയും ഇക്കാര്യം സ്ഥിരീകരിച്ചു. നാട്ടുകാരും സമാന അഭിപ്രായം തന്നെയാണ് ഉന്നയിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.
നുണ പരിശോധന നടത്തിയാല്‍ ഈ കേസിന്റെയും വിശദാംശങ്ങള്‍ പുറത്തുവരുമെന്ന് പേടിച്ചാണ് അതിന് മുന്‍പ് പ്രതി കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്. കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ ലോഡ്ജ് മാനേജറായിരുന്നു. ഇയാള്‍ പുരുഷന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.