Top
20
Friday, October 2017
About UsE-Paper

കായലില്‍ തെരച്ചില്‍; മിഷേലിന്റെ ഫോണും ബാഗും കണ്ടെത്തിയില്ല

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > കൊച്ചി കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സി എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി (18)യുടെ മൊബൈല്‍ഫോണും ബാഗും കണ്ടെടുക്കാന്‍ തിങ്കളാഴ്ച കായലില്‍ തെരച്ചില്‍ നടത്തി. സ്വകാര്യ മുങ്ങല്‍വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ മണിക്കൂറുകള്‍ നീണ്ടെങ്കിലും മൊബൈലും ബാഗും കണ്ടെത്താനായില്ല. അതേസമയം, കേസില്‍ കസ്റ്റഡിയിലുള്ള ക്രോണിന്‍ ജോലിചെയ്തിരുന്ന ഛത്തീസ്ഗഡിലേക്ക് അന്വേഷണസംഘം പുറപ്പെട്ടു. ക്രോണിനെ കൂടാതെയാണ് ക്രൈംബ്രാഞ്ച് സംഘം യാത്രതിരിച്ചത്. 

മിഷേല്‍ മരിച്ചതിന്റെ അന്നുരാത്രി ഏഴരയോടെ രണ്ടുപേര്‍ പെണ്‍കുട്ടിയെ കണ്ടതായി പറഞ്ഞ  ഗോശ്രീ രണ്ടാം പാലത്തിന്റെ താഴ്ഭാഗത്താണ് തെരച്ചില്‍ നടത്തിയത്. നല്ല അടിയൊഴുക്കുള്ളതുകൊണ്ടു ഫോണും ബാഗും ഒഴുകിപ്പോകാനാണ് സാധ്യതയെന്നാണ് മുങ്ങല്‍വിദഗ്ധരുടെ നിഗമനം. ക്രോണിന്റെ സമ്മര്‍ദംകൊണ്ട് മിഷേല്‍ ആത്മഹത്യചെയ്തുവെന്നാണ് അന്വേഷണസംഘം കണക്കാക്കുന്നത്. ഇക്കാര്യം തെളിയിക്കാന്‍ മിഷേലിന്റെ ഫോണ്‍കൂടി കണ്ടെത്തേണ്ടതുണ്ട്.

ഇതേത്തുടര്‍ന്നാണ് കായലില്‍ പരിശോധന നടത്തിയത്. ക്രോണിന്റെ മൊബൈല്‍ ഫോണിലെ സന്ദേശങ്ങള്‍ ഒഴിവാക്കിയ നിലയിലാണ്. ഇവ കണ്ടെടുക്കാന്‍ കഴിയും.  ക്രോണിന്‍ മറ്റേതെങ്കിലും മൊബൈല്‍ ഫോണോ സിം കാര്‍ഡോ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടത്. സുരക്ഷാ കാരണങ്ങള്‍കൊണ്ടും ക്രോണിന്റെ മാനസികാവസ്ഥ കണക്കിലെടുത്തുമാണ് ക്രോണിനെ ഛത്തീസ്ഗഡില്‍ കൊണ്ടുപോകാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചത്.

അതിനിടെ, മിഷേലിന്റെ മൃതദേഹം കണ്ടെത്തിയപ്പോഴുള്ള ചിത്രമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്ന് പൊലീസ് വ്യക്തമാക്കി. മിഷേലിന്റെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ധരിച്ചത് ചുവന്ന ടീഷര്‍ട്ടാണെന്നും എന്നാല്‍ പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് ചുരിദാര്‍ ധരിച്ച മിഷേലിനെയാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ച വാര്‍ത്ത. എന്നാല്‍ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിട്ടുണ്ടെന്നും അത് മിഷേലിന്റെ കുടുംബാംഗങ്ങളും കണ്ടതാണെന്നും അതില്‍ ചുരിദാര്‍തന്നെയാണ് ധരിച്ചിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!