Top
21
Monday, August 2017
About UsE-Paper

കുണ്ടറയിലെ പീഡനം; പ്രതിയെ റിമാന്‍ഡ് ചെയ്തു

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌


കൊല്ലം> കുണ്ടറ നാന്തിരിക്കലില്‍ പീഡനത്തിനിരയായ പത്ത് വയസുകാരി മരിച്ച കേസില്‍ അറസ്റ്റിലായ മുത്തച്ഛന്‍ വിക്ടര്‍ ഡാനിയലിനെ കോടതി റിമാന്‍ഡ്ചെയ്തു.

മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തു. കോടതി വളപ്പിലും തെളിവെടുപ്പിനായി കൊണ്ടുപോയ നാന്തിരിക്കലിലെ വീട്ടിലും പ്രതിക്കുനേരെ നാട്ടുകാരുടെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവുമുണ്ടായി. 

പൊലീസ് അകമ്പടിയില്‍ തിങ്കളാഴ്ച വൈകിട്ട് 4.45നാണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ്കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് ഉച്ചമുതല്‍ കോടതിവളപ്പില്‍ ജനം തിങ്ങിക്കൂടിയിരുന്നു. അസഭ്യവര്‍ഷവും കൂക്കുവിളിയുമായി ജനം തിക്കിത്തിരക്കിയതോടെ പ്രയാസപ്പെട്ടാണ് പൊലീസ് പ്രതിയെ കോടതിമുറിയിലെത്തിച്ചത്.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അവധി ആയതിനാലാണ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ്ചെയ്ത പ്രതിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  ജില്ലാ ജയിലിലേക്ക് അയച്ചു. തുടര്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് പിന്നീട് അപേക്ഷ നല്‍കും.

2015 ഏപ്രില്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. ജനുവരി 15നാണ് മരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്‍, മുത്തശ്ശി എന്നിവരുടെ മൊഴികളില്‍നിന്നാണ് പ്രതി മുത്തച്ഛനാണെന്ന വിവരം പൊലീസിന് ലഭിച്ചത്. മരിച്ച പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയെയും ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നു.  സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുണ്ടറ പൊലീസ് ഇയാള്‍ക്കെതിരെ പ്രത്യേകം കേസ് രജിറ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.  

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിനുള്ള പോക്സോ ആക്ട് എന്നിവയാണ് വിക്ടറിന്റെ പേരില്‍ ചുമത്തിയത്. വധശ്രമകേസില്‍ ഇയാളെ കോടതി 2007ല്‍ ശിക്ഷിച്ചിരുന്നു.

കുണ്ടറ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.