Top
25
Saturday, March 2017
About UsE-Paper

തടവുകഴിഞ്ഞു; ഗുണശേഖരന് ഇനി ജയിലില്‍ ജോലി

Tuesday Mar 21, 2017
കെ എന്‍ സനില്‍


തിരുവനന്തപുരം > ശിക്ഷ കഴിഞ്ഞു, ഗുണശേഖരന്‍ ഇനി ജയിലിലെ ജോലിക്കാരന്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ശിക്ഷകഴിഞ്ഞിറങ്ങിയ തടവുകാരനെ ദിവസക്കൂലിക്ക് നിയമിച്ച് തടവുകാരുടെ പുരധിവാസത്തില്‍ പുതിയ ചരിത്രംകുറിച്ചത്.

കേരളത്തില്‍ ആദ്യമായാണ് ശിക്ഷകഴിഞ്ഞിറങ്ങിയ ആള്‍ക്ക് ജയിലുമായി ബന്ധപ്പെട്ട ജോലിയില്‍ നിയമനം നല്‍കുന്നത്. കേരളത്തിന് പുറത്തുള്ള പല ജയിലുകളിലും തടവുകാര്‍ക്ക് പുനരധിവാസപദ്ധതിയുണ്ട്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ റെഡിമെയ്ഡ് വസ്ത്രനിര്‍മാണ യൂണിറ്റിലാണ് മൂന്നാര്‍ സ്വദേശി ഗുണശേഖരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചത്. മാര്‍ച്ച് ഒന്നിന് മൂന്നുവര്‍ഷത്തെ തടവുകഴിഞ്ഞ് പുറത്തിറങ്ങിയ ഗുണശേഖരനെ തിങ്കളാഴ്ചയാണ് നിയമിച്ചത്. നേരത്തെ ഇടുക്കി ജില്ലാ ജയിലില്‍ കഴിഞ്ഞ ഗുണശേഖരന്‍ ഒന്നരവര്‍ഷം മുമ്പാണ് പൂജപ്പുരയില്‍ എത്തിയത്.

മൂന്നാര്‍ ന്യൂ കോളനിയിലെ താമസക്കാരനായ ഗുണശേഖരന്‍ നാട്ടില്‍ തയ്യല്‍ക്കാരനായിരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ കേസിലാണ് ഗുണശേഖരന്‍ ശിക്ഷിക്കപ്പെട്ടത്. പൂജപ്പുരയില്‍ എത്തിയതുമുതല്‍ തയ്യല്‍ യൂണിറ്റിലെ അളവെടുക്കലും ഓഡര്‍ ശേഖരിക്കലുമെല്ലാം നിര്‍വഹിച്ചു. മാര്‍ച്ച് ഒന്നിന് ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങിയ ഗുണശേഖരനോട് ഇവിടെ തുടരാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ജയില്‍ സൂപ്രണ്ട് അന്വേഷിച്ചു. താല്‍പ്പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ചമുതല്‍ ജയിലില്‍ തൊഴിലാളിയായി ഗുണശേഖരന്‍ തിരിച്ചെത്തിയത്.

തടവുകാലത്ത് 110 രൂപയായിരുന്നു ഒരുദിവസത്തെ കൂലി. ഇനിമുതല്‍ ദിവസവും 700 രൂപയായിരിക്കും കൂലി. ഒമ്പത് ഡ്യൂട്ടി കഴിയുമ്പോള്‍ ഒരു അവധി എന്നതാണ് ജയിലിലെ രീതി. ഇതനുസരിച്ച് മാസത്തില്‍ മൂന്ന് അവധി കിട്ടും. നാട്ടില്‍ അച്ഛനും അമ്മയും ഭാര്യയും രണ്ടുമക്കളുമുണ്ട് ഗുണശേഖരന്.