Top
23
Thursday, November 2017
About UsE-Paper
ലോകത്തെ 30 ബ്ളോഗര്‍മാര്‍

കേരളപ്പെരുമ രാജ്യാന്തരത്തിലേക്ക്; ബ്ളോഗ് എക്സ്പ്രസ് യാത്ര തുടങ്ങി

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
ബ്ളോഗര്‍മാരോടൊപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സെല്‍ഫിയെടുക്കുന്നു


കൊച്ചി > മുപ്പത് രാജ്യങ്ങളില്‍നിന്നുള്ള 30 ബ്ളോഗര്‍മാര്‍... ഇവര്‍ സ്വന്തം അനുഭവങ്ങളില്‍നിന്ന് പകര്‍ത്തുന്ന വരികളിലൂടെ കേരളത്തിന്റെ നാട്ടുഭംഗി ഇനി ലോകംമുഴുവന്‍ വ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ളോഗര്‍മാരാണ് കേരളത്തിലെ വിനോദസഞ്ചാര പര്യടനത്തിനായി തിങ്കളാഴ്ച കൊച്ചിയിലെത്തിയത്. ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ സംരംഭമായ കേരള ബ്ളോഗ് എക്സ്പ്രസിന്റെ ഭാഗമായാണ് സന്ദര്‍ശനം. കേരള ബ്ളോഗ് എക്സ്പ്രസിന്റെ നാലാം പതിപ്പാണിത്. ബ്ളോഗ് എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ്ഓഫ്ചെയ്തു.

ടൂറിസം വിപണനത്തിന് കേരളം ആവിഷ്കരിച്ച അതിനൂതന സംരംഭമാണ്  ബ്ളോഗ് എക്സ്പ്രസെന്നും അത് വരുംവര്‍ഷങ്ങളിലും വിപണനത്തിന്റെ നിലവാരം ഉയര്‍ത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ബ്രിട്ടന്‍, കനഡ, അമേരിക്ക, സ്പെയിന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബ്രസീല്‍, ഇറ്റലി, മലേഷ്യ, സ്വീഡന്‍, അര്‍ജന്റീന, ഗ്രീസ് തുടങ്ങി 29 രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 29 ബ്ളോഗര്‍മാര്‍ക്കൊപ്പം ഇന്ത്യയില്‍നിന്നുള്ള അംഗമായ ദീപാന്‍ഷു ഗോയലുമുണ്ട്. 38,000 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് ബ്ളോഗര്‍മാരെ തെരഞ്ഞെടുത്തത്. 20നും 26നും കൊച്ചി, 21ന് ആലപ്പുഴ, 22ന് കുമരകം, 23ന് തേക്കടി, 24നും 25നും മൂന്നാര്‍, 27നും 28നും തൃശൂര്‍, 29ന് കോഴിക്കോട്, 30ന് വയനാട്, 31ന് കണ്ണൂര്‍, ഏപ്രില്‍ ഒന്നിനും രണ്ടിനും കാസര്‍കോട് എന്നിവിടങ്ങളിലൂടെ റോഡ്മാര്‍ഗം സഞ്ചരിക്കുന്ന ബ്ളോഗ് എക്സ്പ്രസ് ഏപ്രില്‍ മൂന്നിന്  തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

രണ്ടാഴ്ചത്തെ പര്യടനത്തിലൂടെ അടുത്തറിയുന്ന കേരളത്തിന്റെ പ്രകൃതിഭംഗിയെപ്പറ്റി യാത്രികര്‍ ബ്ളോഗുകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതും. ബ്ളോഗ് എക്സ്പ്രസിന്റെ ആദ്യ മൂന്നുയാത്രകളും കേരള ടൂറിസത്തിന് വന്‍കുതിപ്പാണു സമ്മാനിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബ്ളോഗര്‍മാര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും അല്‍പ്പനേരം ബസില്‍ യാത്ര ചെയ്യുകയുംചെയ്തു. ചടങ്ങില്‍ ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി ജി ശിവന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി എസ് അനില്‍ തുടങ്ങിയവരും പങ്കെടുത്തു.