22 April Sunday

വിദഗ്ധചികിത്സയില്ല; വേദനതിന്ന് മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 20, 2017

ആലപ്പുഴ > വിരണ്ടോടുന്നതിനിടെ ചതുപ്പില്‍വീണ് മരണത്തോടു മല്ലടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന മുല്ലയ്ക്കല്‍ ബാലകൃഷ്ണന്റെ തുടര്‍ചികിത്സ മുടങ്ങി. തലയിലേറ്റ മാരകമുറിവ് കൊമ്പന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന് ആശങ്ക.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ആനയ്ക്കാണ് ഈ ദുര്‍ഗതി. മാസങ്ങള്‍ക്ക് മുമ്പ് തുറവൂര്‍ അനന്തന്‍കരി പാടത്തെ ചതുപ്പില്‍ അകപ്പെട്ട മുല്ലയ്ക്കല്‍ ബാലകൃഷ്ണനെ 16 മണിക്കൂറിലധികം നീണ്ട തീവ്രപരിശ്രമത്തിനൊടുവിലാണ് രക്ഷിക്കാനായത്. ആ സമയം കന്നത്തിനേറ്റ മുറിവാണ് ഗുരുതരമായിരിക്കുന്നത്. പഴുപ്പ് ഉള്ളിലേക്ക് കയറിയതാവാം മുറിവുണങ്ങാത്തതിന് കാരണമെന്നാണ് നിഗമനം.  ആനയെ നോക്കുന്ന ഡോക്ടറുടെ സേവനം ലഭ്യമല്ലാതായിട്ട് ആഴ്ചകളായി. മുമ്പ് നല്‍കിയ മരുന്നുകള്‍ തുടരുന്നതല്ലാതെ മറ്റ് വിദഗ്ധ ചികിത്സയൊന്നും നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പാപ്പാന്‍മാരും ആനപ്രേമികളും മറ്റും ആനയുടെ പരിചരണത്തിനുണ്ടെങ്കിലും മുറിവുഭേദമാകാത്തത് ഇവരെ നിരാശരാക്കുന്നു.

കഴിഞ്ഞ 14ന് ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും വിദഗ്ധചികിത്സ അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുല്ലയ്ക്കല്‍ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ക്ക് പാപ്പാന്മാര്‍ രേഖാമൂലം പരാതി നല്‍കി. തുടര്‍ന്ന് ദേവസ്വം അധികൃതര്‍ വെറ്ററിനറി ഡോക്ടറുടെ സേവനം അഭ്യര്‍ഥിച്ചെങ്കിലും ഇദ്ദേഹം ഇങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് ആനപ്രേമികള്‍ പറഞ്ഞു.

ആന ചതുപ്പില്‍വീണ സമയം വെറ്ററിനറി ഡോക്ടറും പാപ്പാന്‍മാരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഡോക്ടറുടെ നിസഹകരണത്തിന് പിന്നില്ലെന്ന് പറയുന്നു. അന്ന് ചട്ടംപാലിക്കാതെ മയക്കുവെടിവച്ചതിനെ പാപ്പാന്‍മാര്‍ ചോദ്യംചെയ്തിരുന്നു. ഇത് ആനയുടെ ഒന്നാം പാപ്പാന്‍ അനില്‍കുമാറി (മധു) നെ മുല്ലയ്ക്കലില്‍നിന്ന് കരുനാഗപ്പള്ളിക്ക് സ്ഥലം മാറ്റുന്നതിലേക്ക് വരെ എത്തിച്ചു. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഇടപെട്ട് അനില്‍കുമാറിന്റെ സ്ഥലം മാറ്റം റദ്ദാക്കിയത്. ചട്ടംലംഘിച്ച് ആനയുടെ പിന്നില്‍ ഒരുഭാഗത്തു മാത്രം മയക്കുവെടിവച്ചതിനെ തുടര്‍ന്ന് ബാലകൃഷ്ണന് ആ ഭാഗത്തേക്ക് ചരിഞ്ഞുകിടക്കാന്‍ പോലുമാകുന്നില്ല. ഇതിനിടയില്‍ ബാധിച്ച പാതരോഗത്തിന് പാപ്പാന്‍മാര്‍ നാട്ടുവൈദ്യവും മറ്റും നല്‍കിയാണ് ഭേദമാക്കിയത്.

പ്രധാന വാർത്തകൾ
Top