Top
18
Monday, December 2017
About UsE-Paper

സംവരണത്തിനെതിരായ പ്രചാരണങ്ങളില്‍ നിന്ന് പിന്തിരിയണം: കോടിയേരി

Monday Nov 20, 2017
വെബ് ഡെസ്‌ക്‌

പാലക്കാട് > ദേവസ്വം ബോര്‍ഡ് സംവരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടത്തി ജാതീയധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ അതില്‍നിന്ന് പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെഎസ്ടിഎ ചിറ്റൂര്‍ ഉപജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡ് ശാന്തിനിയമനത്തില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ചരിത്രമെഴുതി. എന്നാല്‍, പിന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി ഉയര്‍ന്നനിലവാരം പുലര്‍ത്തുന്ന ചിലര്‍ പ്രശ്നത്തെ കലക്കാന്‍ ശ്രമിക്കുന്നു. ഇത് സാമൂഹ്യനീതിക്ക് എതിരായ വെല്ലുവിളിയാണ്. എല്ലാ മതത്തിലും സമുദായത്തിലുംപെട്ട ഏറ്റവും പാവപ്പെട്ടവന്റെ താല്‍പ്പര്യമാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്.

സംവരണ വിഷയത്തില്‍ എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ നയമല്ല സര്‍ക്കാരിന്റേത്. ഏതെങ്കിലും ഒരു സാമുദായിക സംഘടനയുടെ  ആവശ്യം അംഗീകരിക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്. ദേവസ്വം ബോര്‍ഡില്‍ നൂറുശതമാനവും മുന്നോക്ക നിയമനമായിരുന്നു. എന്നാല്‍ ഇതില്‍ 10 ശതമാനം അവര്‍ക്കിടയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൊടുക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇങ്ങനെയൊരു നയം നടപ്പാക്കുന്നത്.  ഇത് മറ്റ് ഉദ്യോഗ നിയമനങ്ങളിലാകെ നടപ്പാക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. അതിന് ബിജെപി സര്‍ക്കാര്‍ തയ്യാറുണ്ടോ. കോടിയേരി ചോദിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെ എങ്ങനെ അട്ടിമറിക്കാം, രാജ്യത്ത് എങ്ങനെ കലാപമുണ്ടാക്കാമെന്നൊക്കെയാണ് ബിജെപിയും കോണ്‍ഗ്രസും ചിന്തിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അതിന്റെ തെളിവാണ് തിരുവനന്തപുരത്ത് നടന്നത്. ആര്‍എസ്എസ് റൌഡികള്‍ ഓഫീസില്‍കയറിയാണ് കൊലപാതകത്തിന് ശ്രമിച്ചത്. കൊലപാതക സംഘമായി ബിജെപി ആര്‍എസ്എസ് സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുകയാണ്. എസ്ഡിപിഐയും ആക്രമണമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ അടിച്ചമര്‍ത്തുമെന്നും കോടിയേരി പറഞ്ഞു.

സിപിഐ എം, സിപിഐ ബന്ധം മോശമാക്കാന്‍ നോക്കേണ്ട
പാലക്കാട് > വിഷയങ്ങളുണ്ടാക്കി സിപിഐ എം, സിപിഐ ബന്ധം മോശമാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചിറ്റൂരില്‍ കെഎസ്ടിഎ ഉപജില്ലാ ഓഫീസ് ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനം രാജേന്ദ്രന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കേണ്ടതില്ല. സിപിഐയും സിപിഐ എമ്മും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് തീര്‍ത്തോളാം. വിവാദം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും ഇടതുപക്ഷ മുന്നണിയിലില്ല. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമാണെന്നു വരുത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »