19 October Friday

ക്യാന്‍സര്‍ രോഗികളുടെ പേരില്‍ 'മുടിദാന' തട്ടിപ്പ് വ്യാപകം

കെ പി വേണുUpdated: Friday Oct 20, 2017


കളമശേരി > ക്യാന്‍സര്‍ രോഗികള്‍ക്ക് വെപ്പുമുടിയുണ്ടാക്കാനെന്ന പേരില്‍ മുടിമുറിച്ചു വാങ്ങുന്നവരില്‍ ഏറെയും തട്ടിപ്പുസംഘങ്ങള്‍. കാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ സ്വകാര്യ വിഗ് നിര്‍മാതാക്കള്‍ക്ക് മുടിയെത്തിച്ചുകൊടുക്കുന്ന തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുന്നതാണ് വിവരം. ക്യാന്‍സര്‍ രോഗികളോട് അനുഭാവം പ്രകടിപ്പിച്ച് മുടിദാനത്തിന് വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ രംഗത്തുവരുന്നത് മുതലെടുത്താണ് തട്ടിപ്പുസംഘങ്ങള്‍ വിലസുന്നത്.

ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നല്‍കാനെന്നപേരില്‍ കളമശേരിയിലെ ഒരു  സ്കൂളില്‍ അടുത്തിടെ മുടിമുറിച്ചു വാങ്ങാനെത്തിയവര്‍ക്ക് തിരിച്ചറിയല്‍ രേഖകളോ സംഘടനയുടെ രജിസ്ട്രേഷന്‍ രേഖകളോ പോലുമില്ലായിരുന്നു. കുട്ടികള്‍ മുടിദാനത്തിന് തയ്യാറായപ്പോള്‍ പ്രിന്‍സിപ്പല്‍  ഇന്റര്‍നെറ്റില്‍നിന്ന് കണ്ടെത്തിയ ജീവകാരുണ്യ സംഘടനയായിരുന്നു ഇത്. 

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം 'സന്നദ്ധ' സംഘങ്ങള്‍ക്കൊന്നിനും സ്വന്തമായി വെബ്സൈറ്റ്പോലും ഇല്ല. പഴയ പത്രവാര്‍ത്തകളുടെ ലിങ്ക് അല്ലെങ്കില്‍ ഫെയ്സ്ബുക്ക് പേജിന്റെ ലിങ്ക് എന്നിവയൊക്കെയാണ് ലഭിക്കുക. ഇവയില്‍ സുന്ദരികളായ പെണ്‍കുട്ടികളില്‍നിന്ന് മുടി മുറിച്ചെടുക്കുന്ന ചിത്രമല്ലാതെ ഏതെങ്കിലും ക്യാന്‍സര്‍ രോഗിക്ക് വിഗ് നല്‍കുന്ന ചിത്രമോ വാര്‍ത്തയൊ കാണാനാകില്ല. കഴിഞ്ഞ ഡിസംബറില്‍ കൊല്ലം ജില്ലയില്‍  മുടി ശേഖരിക്കുന്ന ചടങ്ങില്‍ 100 പേരില്‍നിന്ന് മുടി മുറിച്ചുവാങ്ങിയതിന്റെ വാര്‍ത്തയുണ്ട്. കോട്ടയത്തെയും തൃശൂരിലെയും ഓരോ ക്യാന്‍സര്‍ ആശുപത്രിക്ക് ഇത് കൈമാറുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു ചടങ്ങുണ്ടായിട്ടില്ലെന്ന് ആ ആശുപത്രി അധികൃതര്‍ പറഞ്ഞു.

കീമൊചികിത്സയിലുള്ള രോഗികള്‍ വിഗ്ഗ് ആവശ്യപ്പെടാറില്ലെന്ന്് ക്യാന്‍സര്‍ ചികിത്സ നടത്തുന്ന ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ സമയത്ത് രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അനവധിയാണ്. രുചിക്കുറവും ഛര്‍ദിയും കാരണം ഭക്ഷണം കഴിക്കാന്‍ പറ്റാതാവുക, രക്തത്തിലെ കൌണ്ട് കുറഞ്ഞുണ്ടാകുന്ന അവശത, ശരീരവേദന, എല്ലാറ്റിനും പുറമെ സാമ്പത്തിക പ്രയാസം എന്നിവയ്ക്കെല്ലാമിടയില്‍ മുടികൊഴിച്ചില്‍ തികച്ചും അപ്രധാനമായ കാര്യമാണ്. കീമൊ ചികിത്സ കഴിഞ്ഞാല്‍ ഒരു മാസംകൊണ്ട് പുരുഷന്മാര്‍ക്കും ആറുമാസത്തിനകം സ്ത്രീകള്‍ക്കും മുടി വളരും.

കീമോ തെറാപ്പി ചെയ്യുമ്പോള്‍ മുടി നഷ്ടമാകുമെന്ന് അറിയാത്ത രോഗികള്‍ കുറവാണ്. നേരത്തെ തന്നെ മുടിവെട്ടി സൂക്ഷിച്ചാല്‍ അവര്‍ക്കുതന്നെ വിഗ് തയ്യാറാക്കാം. ചിലരൊക്കെ അങ്ങനെയും ചെയ്യുന്നുണ്ടെന്നും ക്യാന്‍സര്‍ രോഗചികിത്സകര്‍ പറഞ്ഞു.

കേരളത്തിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികളില്‍ വലിയൊരു ശതമാനം പേര്‍ ചികിത്സയ്ക്കെത്തുന്നത് തിരുവനന്തപുരം ആര്‍സിസി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളിലാണ്. ഇവിടെ രോഗികളാരും വിഗ് ആവശ്യപ്പെടുന്നില്ല.  ഒരു സന്നദ്ധസംഘടനയും  അവര്‍ക്ക്  മുടിയൊ വിഗ്ഗൊ   നല്‍കുന്നുമില്ല.

വിഗിന് 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് വിപണിവില. 20 ഇഞ്ച് നീളമുള്ള ഒരാളുടെ മുടി മുറിച്ച് നല്‍കുമ്പോള്‍ പതിനായിരം രൂപ നിലവില്‍ ലഭിക്കുന്നുണ്ട്. സൌന്ദര്യവര്‍ധക വസ്തുക്കള്‍ മുതല്‍ സംസ്കരിച്ച ഭക്ഷ്യ പദാര്‍ഥങ്ങളില്‍ വരെ അസംസ്കൃതവസ്തുവായ മുടിയുടെ ഉപയോഗം വര്‍ധിച്ചുവരികയുമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ മുടി മുറിക്കലും അതുപയോഗിച്ചുള്ള ധനസമ്പാദനവും സംഘടിത തട്ടിപ്പായി വളര്‍ന്നിട്ടുള്ളത്.

പ്രധാന വാർത്തകൾ
Top