23 July Monday

വിദ്യാഭ്യാസമേഖലയില്‍ ഇനി 'നവപ്രഭ'

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2017

നവപ്രഭ പദ്ധതി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. പദ്ധതിയുടെ മൊബൈല്‍ ആപ്പും വെബ്സൈറ്റും വികസിപ്പിച്ച വിദ്യാര്‍ഥി നിഖില്‍ ബേബിച്ചന്‍, സഹായിയായ അധ്യാപകന്‍ വിധു പി നായര്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം > ഹൈസ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ നവപ്രഭ ചൊരിയാനുള്ള പദ്ധതിക്ക് തുടക്കമായി. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ നേതൃത്വം നല്‍കുന്നതാണ് നവപ്രഭ പരിഹാരബോധന പദ്ധതി. ഒമ്പതാംതരത്തിലെ പഠന നിലവാരം കുറവുള്ള കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതിയാണ് നവപ്രഭ. അക്കാദമിക് തലത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണിത്. ഒന്നുമുതല്‍ 12 വരെ ക്ളാസുകളില്‍ ഏറ്റവും ഉയര്‍ന്ന അക്കാദമിക നിലവാരം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണ് നവപ്രഭ. ഒമ്പതാംതരത്തില്‍ പഠന നിലവാരത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി അക്കാദമിക് നിലവാരം ഉയര്‍ത്തി പത്താം ക്ളാസില്‍ മികച്ച വിജയം ഉറപ്പാക്കും.

മൂന്ന്, അഞ്ച്, എട്ട് ക്ളാസുകളിലെ കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്ന 'ശ്രദ്ധ' പദ്ധതി 24ന് ആരംഭിക്കും. എല്ലാ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളെയും മികവിന്റെ കേന്ദ്രമാക്കുകയും വിദ്യാര്‍ഥികളെ മികവുള്ള പൌരരാക്കുകയുമാണ് ലക്ഷ്യം. ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളില്‍ 'ഗണിതം, വിജയം' പദ്ധതി നടപ്പാക്കും. ഗണിതശാസ്ത്രത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ബോധനരീതിയാണ് പരിപാടിയുടെ പ്രത്യേകത. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ 'പച്ച മലയാളം, 'ഗുഡ് ഇംഗ്ളീഷ്, അച്ചാ ഹിന്ദി' പദ്ധതിയും നടപ്പാക്കും.

നവപ്രഭ പദ്ധതി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും സഹായത്തോടെ ഉയര്‍ന്ന നിലവാരമുള്ള പൊതുവിദ്യാഭ്യാസ സൌകര്യം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളുടെ ഭൌതിക സാഹചര്യങ്ങള്‍ക്കൊപ്പം അക്കാദമിക നിലവാരത്തിലും ഉയര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ 1,45,208 കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളില്‍ എത്തി. വിദ്യാലയങ്ങളുടെ ഭൌതിക സാഹചര്യത്തില്‍ മാത്രമല്ല, അക്കാദമിക നിലവാരത്തിലും മാറ്റം വേണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നവപ്രഭ പദ്ധതിയുടെ മൈബൈല്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി  നിര്‍വഹിച്ചു. പദ്ധതിയുടെ വെബ്സൈറ്റ് എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് സമര്‍പ്പിച്ചു. ഇവ തയ്യാറാക്കിയ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി നിഖില്‍ ബേബിച്ചന്‍, സഹായിയായ അധ്യാപകന്‍ വിധു പി നായര്‍ എന്നിവര്‍ക്കുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു.

പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വി മോഹന്‍കുമാര്‍ അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ വഞ്ചിയൂര്‍ പി ബാബു, എസ് ഉണ്ണിക്കൃഷ്ണന്‍, സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗങ്ങളായ കെ സി ഹരികൃഷ്ണന്‍, പി ഹരിഗോവിന്ദന്‍, സെന്റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ഡോ. ഡൈസന്‍, പിടിഎ പ്രസിഡന്റ് ബി എല്‍ മധുമോഹന്‍, പ്രിന്‍സിപ്പല്‍ പി ജെ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ആര്‍എംഎസ്എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ആര്‍ രാഹുല്‍ സ്വാഗതവും അഡീഷണല്‍ഡയറക്ടര്‍ പി എസ് മാത്യു നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top