17 November Saturday
എറണാകുളം

രക്ഷാപ്രവർത്തനം പൂർണം

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

പറവൂരിൽ വെള്ളം ഇറങ്ങിയ വീട്ടിൽ തിരിച്ചെത്തിയ യുവാവ്‌ വീട്‌ വൃത്തിയാക്കുന്നു


കൊച്ചി
എറണാകുളം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി. വീടുകളിലും മറ്റു സ്ഥലങ്ങളിലും കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചതായി കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അവസാനവട്ട രക്ഷാപ്രവർത്തനങ്ങൾ കഴിഞ്ഞദിവസംമുതൽ കേന്ദ്രീകരിച്ചത‌് പ്രളയം കൂടുതൽ നാശംവിതച്ച പറവൂർ മേഖലയിലാണ‌്. ഇവിടെ കുത്തിയതോട‌്, പൂവത്തുശേരി പ്രദേശങ്ങളിലായിരുന്നു സൈന്യ, അർധസൈന്യ, സന്നദ്ധ പ്രവർത്തകരുടെ സംയുക്തരക്ഷാപ്രവർത്തനം തിങ്കളാഴ‌്ച നടന്നത‌്. പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന പ്രദേശങ്ങളാണിത‌്. അതിശക്തമായ അടിയോഴുക്കുള്ള പ്രദേശങ്ങൾ. കുത്തിയൊഴുകുന്ന പ്രളയജലത്തിൽ ഇവിടെ രക്ഷാപ്രവർത്തനം തീർത്തും അസാധ്യമായിരുന്നുവെന്ന‌് രക്ഷാപ്രവർത്തകർ പറയുന്നു. ശാസ‌്ത്രീയപരിശീലനം ലഭിച്ച ലൈഫ‌് ഗാർഡുമാർക്കും കടലിൽ സാഹസികമായി മീൻപിടിത്തത്തിലേർപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും ഇവിടെ രക്ഷാപ്രവർത്തനം നടത്താനായില്ല. ഇതിനിടെ, രക്ഷതേടി കുത്തിയതോട‌്  ജനങ്ങൾ കൂട്ടത്തോടെയെത്തിയ പള്ളിയുടെ ചുമർ ഇടിഞ്ഞുവീണ‌ു. ആറുപേരാണ‌് ഇവിടെ മരിച്ചത‌്. ആളുകൾ അഭയംതേടിയ സ്ഥലങ്ങളെല്ലാം വെള്ളം കയറി. പൂവത്തുശേരിയിലും ഇതായിരുന്നു  അവസ്ഥ. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ‌് ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായത‌്. ജില്ലയിൽ ഇപ്പോൾ 760 ക്യാമ്പുകളിലായി 95,398 കുടുംബങ്ങളാണുള്ളത്. 1, 41,702 പുരുഷന്മാരും 1,44,983 സ്ത്രീകളും 75,010 കുട്ടികളുമടക്കം 3,61,695 പേരാണ് ക്യാമ്പിൽ കഴിയുന്നത്.

പ്രധാന വാർത്തകൾ
Top