25 September Tuesday

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് പറഞ്ഞ സംഘപരിവാറുകാരന് മറുപടിയുമായി വീട്ടമ്മ

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

കൊച്ചി > പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായുള്ള  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നല്‍കരുതെന്ന് ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രമുഖനും ബിജെപി സോഷ്യല്‍മീഡിയ കോര്‍ഡിനേറ്ററുമായ സുരേഷ് കൊച്ചാട്ടിലിന് മറുപടിയുമായി വീട്ടമ്മ. ആലുവ കമ്പനിപ്പടി സ്വദേശിനി ബീനയാണ് സംഘപരിവാര്‍ കുപ്രചരണങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി മറുപടി പറയുന്നത്.

സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെയാണ്  പ്രളയം ബാധിച്ചതെന്നും  ഇവരെ സഹായിക്കേണ്ട കാര്യമില്ല, അതിനാല്‍ ആരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കേണ്ട കാര്യമില്ലെന്നുമായിരുന്നു സുരേഷിന്റെ വാദം. സുരേഷിന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്ന് ബീന പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള  നടപടി ക്രമങ്ങള്‍ വളരെ സുതാര്യമാണ്. സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള  അക്കൗണ്ട് ആയതിനാല്‍ ഇതിലേക്ക് വന്നതിന്റേയും ചെലവഴിച്ചതിന്റേയും കണക്കുകള്‍ പരസ്യപ്പെടുത്തും. അതിനാല്‍ അക്കൗണ്ടിന്റെ വിശ്വാസ്യതയില്‍ സംശയിക്കേണ്ട കാര്യമില്ല. എന്നാല്‍ സുരേഷ് പറയുന്ന പോലെ സേവാ ഭാരതിക്ക് സംഭാവന നല്‍കിയാല്‍ സ്വകാര്യ സംഘടനയുടെ അക്കൗണ്ട് ആയതിനാല്‍ ഇതിന്റെ കണക്കുകള്‍ ലഭ്യമാകണമെന്നില്ല.  അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണത്തെകുറിച്ച് ഒരു വിവരവും ലഭിച്ചുകൊള്ളണമെന്നില്ലെന്നും  ബീന പറയുന്നു. 

കേരളത്തിലെ പ്രളയം ബാധിച്ചത് പണക്കാരെയാണെന്നായിരുന്നു സുരേഷിന്റെ മറ്റൊരു വാദം. എന്നാല്‍ ഇയാള്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണെന്ന് ബീന പറയുന്നു. പ്രളയം വന്ന മേഖലയില്‍ ഒന്നോ രണ്ടോ പ്ലാന്റേഴ്‌സ് ഉണ്ടായിരിക്കാം എന്നത് വസ്തുതയാണ്. എന്നാല്‍ അവരുടെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന  ആയിരക്കണക്കിന് തൊഴിലാളികളേയും പ്രളയം ബാധിച്ചിട്ടുണ്ടെന്ന് ബീന ഓര്‍മിപ്പിക്കുന്നു.
 
ആലുവയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് പോയി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കാര്യവും ബീന പുറത്ത് വിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

സന്ദേശം ഇവിടെ കേള്‍ക്കാം:

പ്രധാന വാർത്തകൾ
Top