19 September Wednesday

എറണാകുളം ഗവ. മെഡിക്കൽ കോളേജിന‌് 11 കോടി രൂപ കൂടി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


കളമശേരി
എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി 11 കോടി രൂപയുടെ ഭരണാനുമതി നൽകി. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മെഡിക്കൽ ലൈബ്രറിയും നവീകരിക്കുന്നതിന് 1.50 കോടി രൂപ, മൾട്ടി ലെവൽ പാർക്കിങ‌് സംവിധാനത്തിനും  ഡ്രയ‌്നേജ്, സ്വീവേജ് സംവിധാനത്തിനുമായി നാല‌് കോടി രൂപ, ഐസൊലേഷൻ റൂം കോംപ്ലക്‌സിന് മൂന്ന‌് കോടി രൂപ, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന് 50 ലക്ഷം രൂപ, മൾട്ടി ഡിസിപ്ലിനറി ഐസിയു വിപുലമാക്കുന്നതിന് രണ്ട‌് കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണിത്.

പ്രിൻസിപ്പലിന്റെ ഓഫീസും മറ്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് റൂമും കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചേരുന്ന ഹാളും അടങ്ങുന്ന മൂന്നുനില കെട്ടിടമാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്. എല്ലായിടത്തും ആശുപത്രിയോട് ചേർന്നാണ് മെഡിക്കൽ റെക്കോഡ് ലൈബ്രറി സ്ഥിതിചെയ്യുന്നത്. എന്നാൽ ഇവിടെ ചെറിയൊരു മുറിയിലാണിത് പ്രവർത്തിക്കുന്നത്. അത് വിപുലീകരിച്ചാണ് കംപ്യൂട്ടർവൽക്കരിച്ച് നവീകരിക്കുന്നത്.

ഈ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത് സൂപ്പർ സ്‌പെഷ്യാലിറ്റി ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം രോഗികളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വാഹന പാർക്കിങ്‌ വലിയ പ്രശ്‌നമായിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് ജീവനക്കാരുടെയും സന്ദർശകരുടെയും വാഹനങ്ങൾ പ്രത്യേകമായി പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടി ലെവൽ പാർക്കിങ്‌ സംവിധാനം ഏർപ്പെടുത്തുന്നത്.

15 വർഷം മുമ്പ് സ്ഥാപിച്ച വണ്ണംകുറഞ്ഞ പൈപ്പുകളാണ് ഡ്രയ‌്നേജിനായി ഉപയോഗിക്കുന്നത്. ഇതുകാരണം തുണിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് മിക്കപ്പോഴും  ഡ്രയ‌്നേജ് സംവിധാനത്തിന് ലീക്ക് സംഭവിക്കുന്നു. ഇത് നേരെയാക്കാൻ മാസംതോറും നല്ലൊരു തുക ചെലവാകുന്നു. ഇതിന് ശാശ്വത പരിഹാരം കാണാനാണ‌്  ഡ്രെയ‌്നേജ്, സ്വീവേജ് സംവിധാനം മാറ്റി സ്ഥാപിക്കുന്നത്.

നിലവിൽ പ്രത്യേക ചികിത്സയ്ക്കായുള്ള രണ്ട‌് ഐസൊലേഷൻ മുറികളാണ് മെഡിക്കൽ കോളേജിലുള്ളത്. സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ ഐസൊലേഷൻ മുറികൾ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് പരിഹാരമായാണ് ഐസൊലേഷൻ റൂം കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. 

അൾട്രാ ഫിൽറ്ററേഷൻ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതോടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാകും.
വിവിധ വിഭാഗങ്ങളിലെ തീവ്രപരിചരണ യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് പുതിയ മൾട്ടി ഡിസിപ്ലനറി ഐസിയു സ്ഥാപിക്കുന്നത്. ഇതിലൂടെ വിവിധ വിഭാഗങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള തീവ്രപരിചരണം ഒട്ടും കാലതാമസമില്ലാതെ ലഭ്യമാക്കാൻ കഴിയും.

എൽഡിഎഫ‌് സർക്കാർ അധികാരമേറ്റ ശേഷം എറണാകുളം മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നു. മാതൃ ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഓഡിറ്റോറിയം മുതലായവയ്ക്കായി കിഫ്ബി വഴി 368.74 കോടി രൂപ മെഡിക്കൽ കോളേജിന് അനുവദിച്ചു. മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കായി 100 കോടിയോളം രൂപയും അനുവദിച്ചു.

സൂപ്പർ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലടക്കം അധ്യാപകർ അനധ്യാപകർ എന്നിവരുടെ 162 തസ്തികകൾ പുതുതായി സൃഷ്ടിച്ചു. പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ തുടങ്ങിയ തസ്തികകളിലുള്ള ജീവനക്കാരെ സ്ഥിരമാക്കി ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top