24 September Monday

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി : കർദിനാളുമായുള്ള ഫോൺ സംഭാഷണം പുറത്ത‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018



ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി  സിറോ മലബാർസഭാ മേജർ ആർച്ച് ബിഷപ‌് കർദിനാൾ മാർ ജോർജ‌് ആലഞ്ചേരി നേരത്തെതന്നെ അറിഞ്ഞിരുന്നുവെന്നത‌ിന‌് കൂടുതൽ തെളിവ‌്. പീഡനം സംബന്ധിച്ച‌് കന്യാസ‌്ത്രീയും ആലഞ്ചേരിയും നടത്തിയ 14 മിനിറ്റുള്ള ഫോൺസംഭാഷണമാണ‌് പുറത്തുവന്നത‌്.

പീഡനത്തിന‌് ഇരയായിട്ടുണ്ടെങ്കിൽ ദൗർഭാഗ്യകരമാണെന്ന‌് സംഭാഷണത്തിൽ കർദിനാൾ പറയുന്നുണ്ട‌്.
കന്യാസ‌്ത്രീ സഭയ‌്ക്കുള്ളിലെ പ്രശ‌്നങ്ങളാണ‌് പറഞ്ഞതെന്നും പീഡനവിവരം പറഞ്ഞിരുന്നില്ലെന്നും കർദിനാൾ പൊലീസിന‌് മൊഴി നൽകിയതിനു പിന്നാലെയാണ‌് ഫോൺസംഭാഷണം പുറത്തായത‌്. ഇതോടെ കർദിനാളിനെതിരെ നിയമക്കുരുക്കും മുറുകി. മഠത്തിലെ പ്രശ്‌നങ്ങളും പീഡനവിവരവും കന്യാസ്ത്രീ  പറയുന്നുണ്ട്. എന്നാൽ ഇതിൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ‌് ആലഞ്ചേരിയുടെ മറുപടി.

ലത്തീൻ സഭയുടെ കീഴിലുള്ള സന്യാസിനി സമൂഹമായതിനാൽ പരാതി ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയെ അറിയിക്കുക. തനിക്ക് വിഷയത്തിൽ ഇടപെടാൻ സാധിക്കുകയില്ല. പീഡനവിവരം താൻ ആരോടും പറയില്ല. താൻ അറിഞ്ഞതായി പൊലീസ് ചോദ്യംചെയ്താൽപോലും പറയില്ലെന്നും ഈ പീഡനം തെളിയിക്കാൻ സാധിക്കുമോയെന്ന ആശങ്കയും കർദിനാൾ ഫോണിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ബിഷപ‌് പീഡിപ്പിച്ചെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് നേരത്തെ മാധ്യമങ്ങളോടും പൊലീസിനോടും ആലഞ്ചേരി പറഞ്ഞിരുന്നു. മഠത്തിലെ മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പരാതി നൽകിയത്. അതീവ രഹസ്യസ്വഭാവമുള്ള പരാതിയായതിനാൽ മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല. കന്യാസ്ത്രീയുടെ സഭയുമായി ബന്ധപ്പെട്ട മേലധികാരികളെ ഇക്കാര്യം അറിയിക്കാൻ നിർദേശിച്ചിരുന്നതായും അന്വേഷണസംഘത്തലവൻ ഡിവൈഎസ‌്പി സുഭാഷിനോട‌് കർദിനാൾ പറഞ്ഞിരുന്നു.

ജലന്ധറിലും കുറവിലങ്ങാട്ടെ മഠത്തിന്റെ ഗസ്റ്റ് ഹൗസിലും വച്ച് ബിഷപ‌് തന്നെ നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top