Top
27
Saturday, May 2017
About UsE-Paper

ഇ കെ നായനാര്‍ക്ക് നാടിന്റെ സ്മരണാഞ്ജലി

Saturday May 20, 2017
വെബ് ഡെസ്‌ക്‌
# നായനാര്‍ദിനത്തില്‍ കല്യാശേരിയില്‍ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ നായനാരുടെ ഭാര്യ ശാരദടീച്ചറെ കണ്ടപ്പോള്‍


കണ്ണൂര്‍ > കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ത്യാഗനിര്‍ഭര ജീവിതം നയിച്ച സമുന്നത നേതാവും ദീര്‍ഘകാലം കേരള മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ ഓര്‍മകള്‍ നാട് വീണ്ടും പുതുക്കി. പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയിലും അനുസ്മരണസമ്മേളനത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജനനായകന്റെ ജന്മനാടായ കല്യാശേരിയില്‍ വളണ്ടിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവും അനുസ്മരണസമ്മേളനവുമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്തു. പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും അനുസ്മരണ സമ്മേളനത്തോടെയുമാണ് പ്രിയ നേതാവിന്റെ ഓര്‍മ പുതുക്കിയത്.

പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി എംപി, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. നായനാരുടെ ഭാര്യ ശാരദടീച്ചര്‍, മക്കളായ സുധ, കൃഷ്ണകുമാര്‍, ഉഷ, വിനോദ് എന്നിവരും പേരമക്കളും ബന്ധുക്കളും പങ്കെടുത്തു. അനുസ്മരണയോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ അധ്യക്ഷനായി. പി ജയരാജന്‍ സ്വാഗതം പറഞ്ഞു.

സമ്പന്നമായ ജന്മികുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നായനാര്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം വളര്‍ത്താന്‍ ജീവിതം സമര്‍പ്പിച്ച മാതൃകാ നേതാവായിരുന്നുവെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും പാര്‍ലമെന്ററി സംവിധാനവും  വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് നായനാര്‍ ദിനാചരണം. രാജ്യത്തെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. നായനാരുടെ ഓര്‍മ ഇതിന് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി ജയരാജന്‍, കെ പി സഹദേവന്‍,  കെ കെ രാഗേഷ് എംപി, ടി വി രാജേഷ് എംഎല്‍എ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ സി ശ്രീനിവാസനും ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി കെ പ്രസാദും പതാക ഉയര്‍ത്തി. നായനാരുടെ ജന്മനാടായ കല്യാശേരിയില്‍ വൈകിട്ട് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒ വി നാരായണന്‍ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ധര്‍മശാലയില്‍നിന്ന് ചുവപ്പ്വളണ്ടിയര്‍ മാര്‍ച്ചും കീച്ചേരിയിലും ധര്‍മശാലയിലും കേന്ദ്രീകരിച്ച് ബഹുജനപ്രകടനവുമുണ്ടായി.