Top
27
Saturday, May 2017
About UsE-Paper

ജനിതകവിത്ത്: കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണം-നിയമസഭ

Saturday May 20, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന  ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷിചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി.  കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി. രാജ്യവ്യാപക എതിര്‍പ്പുണ്ടായിട്ടും ജനിതകമാറ്റം വരുത്തിയ കടുക്വിത്തിന്റെ വാണിജ്യാവശ്യത്തിനുള്ള ഉല്‍പ്പാദനത്തിനും കൃഷിക്കും അനുമതി നല്‍കാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയവും ജനറ്റിക് എന്‍ജിനിയറിങ് അപ്രൈസല്‍ കമ്മിറ്റിയും എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷിചെയ്യുന്നതിന് കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതി ആവശ്യമാണെന്നിരിക്കെ ജനറ്റിക് എന്‍ജിനിയറിങ് അപ്രൈസല്‍ കമ്മിറ്റി 2017 മെയ് 11ന് കടുകിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിനും കൃഷിക്കും അംഗീകാരം നല്‍കിയത് ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര പരിസ്ഥിതിമന്ത്രിയുംകൂടി അംഗീകരിച്ചാല്‍ ഈ വിളകള്‍ സംസ്ഥാനങ്ങളുടെ അംഗീകാരത്തോടു കൂടി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യപ്പെടും. ഇത് വളരെ ഗൌരവമേറിയ വിഷയമാണ്. വഴുതനയ്ക്ക് 2009ല്‍ നല്‍കിയ അനുമതി, 2010ല്‍ കേന്ദ്രസര്‍ക്കാര്‍തന്നെ പിന്‍വലിച്ചതുമാണ്. ആരോഗ്യപ്രശ്നങ്ങളില്‍ ആശങ്കയുള്ളതിനാലാണ് ഭക്ഷ്യവിളകളില്‍ ഈ വിദ്യ വാണിജ്യപരമായി പ്രയോഗിക്കാന്‍ അനുമതി നല്‍കാതിരുന്നത്- മന്ത്രി ചൂണ്ടിക്കാട്ടി.

വിശദമായ ചര്‍ച്ച വേണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.