Top
27
Saturday, May 2017
About UsE-Paper

കരുതലിന്റെ കുടനിവര്‍ത്തി 'മാരാരി'

Saturday May 20, 2017
കെ എസ് ലാലിച്ചന്‍


മാരാരിക്കുളം > കുടുംബശ്രീ അംഗങ്ങള്‍ക്ക് എന്നും അഭിമാനിക്കാന്‍ കഴിയുംവിധം മാരാരി മാര്‍ക്കറ്റിങ് കമ്പനി വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നു. കുടുംബശ്രീ അംഗങ്ങളുടെ ഓഹരി ഉടമസ്ഥതയില്‍ സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയാണിത്. ഇവരുടെ 'മാരി' കുടയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രിയമേറുകയാണ്.

ഡോ. ടി എം തോമസ് ഐസക് മുന്‍കൈയെടുത്ത് 2003ല്‍ ആരംഭിച്ച കമ്പനി 2007ല്‍ കുടനിര്‍മാണത്തിലൂടെയാണ് ശ്രദ്ധേയമായത്. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളൊന്നുമില്ലാതെ സ്വകാര്യ കുടകമ്പനികളോടു മത്സരിച്ചാണ് ഓരോ കുടുംബശ്രീ അംഗത്തിന്റെയും വിയര്‍പ്പില്‍ ചാലിച്ച മാരാരി കമ്പനി ദേശീയപാതയോരത്ത് കഞ്ഞിക്കുഴി ബ്ളോക്ക് ഓഫീസ് വളപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

ഇന്ന് സീസണില്‍ ഒരുലക്ഷം കുടനിര്‍മിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്ന കമ്പനിയായി വളര്‍ന്നു. മാരാരിക്കുളം, ആലപ്പുഴ പ്രദേശങ്ങളിലെ 25 കുടുംബശ്രീ യൂണിറ്റുകളിലെ 200ലേറെ അംഗങ്ങളാണ് കുടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് വിദഗ്ധ പരിശീലനം ലഭിച്ചവരാണ് വിവിധ വര്‍ണങ്ങളില്‍ 55 ഇനം കുടകള്‍ തയ്യാറാക്കുന്നത്. യൂണിറ്റുകളില്‍നിന്നുള്ള കുടകള്‍ കമ്പനിയുടെ ആസ്ഥാനത്തെത്തിച്ച് ഗുണമേന്മ പരിശോധിച്ചാണ് വിപണിയിലേക്കു കൊണ്ടുപോകുന്നത്. ഓരോ കുടയും ഇത്തരത്തില്‍ പരിശോധിക്കുന്നതിനാല്‍ പരാതി ഉണ്ടാകുന്നില്ലെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി കെ മാണി പറഞ്ഞു.

മിക്കി, പിയാനോ, മിക്കി ഓട്ടോ, പിയാനോ ഓട്ടോ, പോഗോ പ്രിന്റ് തുടങ്ങിയ പേരുകളിലാണ് കുട്ടികളുടെ കുടകള്‍. രണ്ടുമുതല്‍ അഞ്ചുമടക്കുവരെയുള്ള വിവിധ വര്‍ണങ്ങളിലെ കുടകള്‍ക്കും നല്ല ഡിമാന്റാണ്. കമാന്‍ഡര്‍, ഒലിവ്, മാരിഗോള്‍ഡ്, ഡാലിയ, ജാസ്മിന്‍, ലോട്ടസ് തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഗോള്‍ഡ് ചാമ്പ്യന്‍ എന്ന പേരിലുള്ള വലിയ എക്സിക്യൂട്ടീവ് കുടയ്ക്ക് 500 രൂപ മാത്രം. സ്വകാര്യകമ്പനികളില്‍ ഇത്തരം കുടകള്‍ക്ക് 700 രൂപവരെ വാങ്ങുന്നു. മാര്‍ഷല്‍, ക്യാപ്റ്റന്‍, മേജര്‍ തുടങ്ങിയ പേരുകളില്‍ പുരുഷന്മാര്‍ ഉപയോഗിക്കുന്ന കുടകളും കമ്പനിയുടേതായി വിപണിയിലുണ്ട്.
ഇന്ന് എല്ലാ ജില്ലകളിലെയും പ്രധാന കടകളിലും കണ്‍സ്യൂമര്‍ഫെഡ്, സപ്ളൈകോ, പൊലീസ് കാന്റീനുകള്‍, നേവല്‍ബേസ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സൊസൈറ്റി എന്നിവിടങ്ങളിലും മറ്റു കമ്പനികളെക്കാള്‍ വിലകുറച്ചു മാരികുടകള്‍ കിട്ടും. 200ലേറെ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഓരോരുത്തര്‍ക്കും ദിവസവും ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ 250 മുതല്‍ 350 രൂപവരെ വേതനം നല്‍കാനും കമ്പനിക്ക് കഴിയുന്നു.

കുടകൂടാതെ കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പുട്ടുപൊടി, അപ്പപൊടി, ഇടിയപ്പപൊടി, കൃത്രിമം ഇല്ലാത്ത വിവിധതരം സ്ക്വാഷുകള്‍, സോപ്പ്, സോപ്പുപൊടി തുടങ്ങിയവയും വിപണിയിലിറക്കിയിട്ടുണ്ട്. അടുത്തയാഴ്ച റവ, വറുത്തറവ, ആട്ട എന്നിവ വിപണിയിലെത്തിക്കുമെന്ന് കമ്പനി എംഡി എന്‍ കെ പ്രകാശന്‍ പറഞ്ഞു.