Top
26
Monday, June 2017
About UsE-Paper

കേന്ദ്രം നടപ്പാക്കുന്നത് ആര്‍എസ്എസ് അജന്‍ഡ: മുഖ്യമന്ത്രി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആര്‍എസ്എസ് നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ കെ ജി പഠനഗവേഷണ കേന്ദ്രം 'കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണത്തെപ്പറ്റി പ്രസംഗിക്കുകയും അധികാരകേന്ദ്രീകരണം നടപ്പാക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങളെ കേവലം സാമന്തപ്രദേശങ്ങള്‍ എന്ന പദവിയിലേക്ക് തരംതാഴ്ത്തുന്ന, സാമ്രാജ്യത്വം കോളനികളെ കാണുന്നപോലുള്ള മനോഭാവമാണിത്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രക്ഷോഭം അനിവാര്യമാണ്.

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍സ്വഭാവം ഇല്ലാതാക്കി കേന്ദ്രീകൃത ഭരണക്രമത്തിന് പറ്റുന്നതാക്കണമെന്നതാണ് ആര്‍എസ്എസ് അജന്‍ഡ. ഇത്തരം ഭരണകേന്ദ്രീകരണം ആഗ്രഹിക്കുന്ന പുതിയ കോര്‍പറേറ്റ് മൂലധനശക്തികളും അവര്‍ക്കൊപ്പം അണിചേര്‍ന്നിരിക്കുന്നു. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലും കേന്ദ്ര- സംസ്ഥാന സാമ്പത്തികബന്ധങ്ങളിലും വിശേഷിച്ചും അഴിച്ചുപണി നടത്തണമെന്ന് പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യമാണ്. അഴിച്ചുപണി ഉണ്ടാകുന്നില്ലെന്നുമാത്രമല്ല, ബന്ധങ്ങള്‍ കൂടുതല്‍ അസന്തുലിതമാകുകകൂടി ചെയ്യുന്നു. 

ഫെഡറല്‍ സംവിധാനമാണെങ്കിലും മിക്ക ധനാധികാരങ്ങളും കേന്ദ്രത്തിന്. കണ്‍കറന്റ് പട്ടികയിലെ വിഷയങ്ങളിലും പ്രാമുഖ്യം കേന്ദ്രത്തിന്. ഒരു പട്ടികയിലും പെടാത്ത വിഷയങ്ങളില്‍ നിയമം നിര്‍മിക്കാനുള്ളതുമുതല്‍ തെരഞ്ഞെടുത്ത സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിടാന്‍വരെയുള്ള അധികാരങ്ങള്‍ കേന്ദ്രത്തിന്. സംസ്ഥാനത്തിന്റെ അധികാരപട്ടികയില്‍നിന്ന് കൂടുതല്‍ ഇനങ്ങള്‍ കേന്ദ്രപട്ടികയിലേക്ക് മാറുന്നു. സംസ്ഥാനങ്ങള്‍ ഞെരുങ്ങുന്നതനുസരിച്ച് കേന്ദ്രം തടിച്ചുകൊഴുക്കുന്നു.

ഫെഡറല്‍സംവിധാനത്തെ യൂണിറ്ററി സംവിധാനംകൊണ്ട് പകരംവയ്ക്കാനുള്ള ശ്രമം കേന്ദ്രത്തില്‍ ശക്തമാകുന്നു. വേണ്ടത് ശക്തമായ കേന്ദ്രവും സമൃദ്ധമായ സംസ്ഥാനങ്ങളുമാണ്. കേരളമാണ് കേന്ദ്രത്തിന്റെ ആഘാതത്തിന് ആദ്യമായി വിധേയമാകേണ്ടിവന്ന സംസ്ഥാനം. ജനാധിപത്യപരമായി തെരഞ്ഞെടുത്തതും നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നതുമായ മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി ഭരണഘടനയുടെ 356-ാംവകുപ്പ് ഉപയോഗിച്ച് ആദ്യമായി പുറത്താക്കിയത് ഇവിടെയാണ്. പിന്നീട് പലതവണ ഭരണഘടനയുടെ 356-ാംവകുപ്പ് ഉപയോഗിച്ച്് ജനാധിപത്യവിരുദ്ധമായി ഇന്ത്യയില്‍ ജനവിധി അട്ടിമറിച്ചു. ഗോവയിലും മണിപ്പുരിലും ജനവിധിയെ ഇവര്‍ മാറ്റിമറിച്ചത് കണ്ടതാണ്. 356-ാംവകുപ്പിന്റെ പ്രയോഗമില്ലെങ്കിലും ജനവിധിയെ കൃത്രിമമായി അട്ടിമറിച്ചതിന്റെ ദൃഷ്ടാന്തം അവിടെ കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »