22 May Tuesday

വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ് : നെഹ്റുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2017

 

തൃശൂര്‍/കൊച്ചി > പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്  മരിച്ച കേസിലെ ഒന്നാംപ്രതിയും നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ പി കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. കൃഷ്ണദാസിന് പുറമെ ലോ കോളേജിലെ ലീഗല്‍ അഡ്വൈസര്‍ സുചിത്ര, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് വത്സലകുമാര്‍,  ലക്കിടി ജവഹര്‍ലാല്‍  എന്‍ജി. കോളേജ് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍  സുകുമാരന്‍, പാമ്പാടി നെഹ്റു കോളേജ് ഫിസിക്കല്‍ ട്രെയിനര്‍ ഗോവിന്ദന്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അഞ്ചുപേരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കേസിലെ പ്രതിയും ജിഷ്ണു വധക്കേസിലെ രണ്ടാംപ്രതിയുമായ സഞ്ജിത്ത് വിശ്വനാഥന്‍, ലോകോളേജ് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ശ്രീനിവാസന്‍ എന്നിവര്‍ ഒളിവിലാണ്.

നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളില്‍പ്പെട്ട ലക്കിടി ലോ കോളേജിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഷഹീര്‍ ഷൌക്കത്തലിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്എപി സെല്‍ബി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ലക്കിടി കോളേജില്‍നിന്ന് പാമ്പാടി നെഹ്റു കോളേജില്‍ എത്തിച്ച് പിആര്‍ഒയുടെ ഇടിമുറിയില്‍ കയറ്റി മര്‍ദിച്ചെന്നാണ് ഷഹീറിന്റെ പരാതി. അതേസമയം ഷൌക്കത്ത് അലിയെ മര്‍ദിച്ച കേസില്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു പൊലീസിന്റെ വിശദീകരണത്തിനായി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. അറസ്റ്റിന്റെ വിശദവിവരം അറിയിക്കാന്‍ ക്രൈംബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെവരെ കൃഷ്ണദാസിനെതിരെ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയതെന്നും അറസ്റ്റ് ചെയ്യാനായി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നെന്നും പ്രതിഭാഗം ആരോപിച്ചു. അറസ്റ്റിനുപിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന്  ബോധ്യപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഉദ്യോഗസ്ഥന്‍ തല്‍സ്ഥാനത്തുണ്ടാകില്ലെന്നും വാദമധ്യേ കോടതി പറഞ്ഞു.

ജിഷ്ണു മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് 2017 ജനുവരി മൂന്നിനാണ് സംഭവം. നെഹ്റു കോളേജുകളില്‍ നടക്കുന്ന അതിക്രമങ്ങളും വിദ്യാര്‍ഥികളോടുള്ള പീഡനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിലേക്ക് പരാതി അയച്ചതിന്റെ വിരോധം തീര്‍ക്കാനാണ് കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ഷഹീറിനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജനുവരി മൂന്നിന് ചെയര്‍മാന്‍ കാണണമെന്നാവശ്യപ്പെട്ടു എന്ന് വിശ്വസിപ്പിച്ച് വത്സലകുമാര്‍, സുകുമാരന്‍ എന്നിവര്‍  ലക്കിടി ലോകോളേജില്‍നിന്ന് ഓട്ടോയില്‍ ഷഹീറിനെ കയറ്റി പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളേജില്‍ എത്തിച്ചു. അവിടെ ചെയര്‍മാനും പിആര്‍ഒ സഞ്ജിത്തും മറ്റും ചേര്‍ന്ന് ഷഹീറിനെ ഇടിമുറിയില്‍ കയറ്റി തലയ്ക്ക് അടിക്കുകയും നാഭിക്ക് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രാവിലെ പത്തിന് കൊണ്ടുവന്ന ഷഹീറിനെ വൈകിട്ട് അഞ്ചിനുശേഷമാണ് വിട്ടയച്ചത്. അതിനിടയില്‍ ഷഹീര്‍ അഞ്ച് വിദ്യാര്‍ഥികളെ റാഗ് ചെയ്തതായി എഴുതി ഒപ്പിടുവിച്ചു. കോളേജില്‍നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. ജിഷ്ണുവിനോട് കാണിച്ച സമാന ക്രൂരതയാണ് തന്നോടും നെഹ്റു കോളേജ് അധികൃതര്‍ കാണിച്ചതെന്ന് ഷഹീര്‍  മൊഴി നല്‍കിയതായി റൂറല്‍ എസ്പി എന്‍ വിജയകുമാര്‍ പറഞ്ഞു. സഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

പ്രധാന വാർത്തകൾ
Top