18 October Thursday
പിഴവു കാത്തവര്‍ക്ക് നിരാശ

അഭിമാനത്തോടെ, കരുത്തോടെ പാര്‍ടി പുതുമുന്നേറ്റങ്ങളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jan 20, 2018


കൊച്ചി > സമാനതകളില്ലാത്ത ജനമുന്നേറ്റത്തോടും ഐക്യത്തോടെയും സമാപിച്ച സിപിഐ എം ജില്ലാസമ്മേളനം ജില്ലയിലെ പ്രസ്ഥാനത്തിന്റെ കുതിപ്പിന് വലിയ ഊര്‍ജമാകും. ജില്ലയിലെ സാമൂഹിക-രാഷ്ട്രീയ-വികസന പ്രശ്നങ്ങള്‍ വലിയതോതില്‍ ഏറ്റെടുക്കാനുള്ള തീരുമാനങ്ങള്‍ക്കും സമ്മേളനം രൂപംനല്‍കി. സംഘടനയെ പുതുക്കിപ്പണിയാനും സമ്മേളനം തീരുമാനിച്ചു. ചെറിയ പിഴവിനായി കാത്തിരുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കുപോലും വലിയതോതില്‍ പ്രശംസിക്കേണ്ടിവന്നത് സമ്മേളനത്തിന്റെ വിജയമായി.

സെപ്തംബറില്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ തുടങ്ങിയ സംഘടനാസമ്മേളനമാണ് നാലുമാസമെടുത്ത് ജില്ലാസമ്മേളനത്തോടെ പൂര്‍ത്തിയായത്. 37,502 പാര്‍ടി അംഗങ്ങള്‍ നേരിട്ട് ഇതില്‍ പങ്കാളികളായി. 2818 പ്രാദേശിക ബ്രാഞ്ചുകളും ജില്ലാകമ്മിറ്റിയുടെ നേരിട്ട് മേല്‍നോട്ടത്തിലുള്ള 19 ലോക്കല്‍കമ്മിറ്റികളിലെ 186 ബ്രാഞ്ചുകളിലുമായി 3004 ബ്രാഞ്ചുകളില്‍ സംഘടനാസമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. 186 പ്രാദേശിക ലോക്കല്‍കമ്മിറ്റികളിലും 19 മറ്റ് ലോക്കല്‍കമ്മിറ്റികളിലും സംഘടനാസമ്മേളനങ്ങള്‍ നടന്നു. തുടര്‍ന്ന് 20 ഏരിയ സമ്മേളനങ്ങള്‍ക്കുശേഷമാണ് ജില്ലാസമ്മേളനത്തിലേക്ക് എത്തിയത്്. അംഗങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളാകെ സംരക്ഷിച്ചായിരുന്നു ഈ സമ്മേളനങ്ങള്‍. ജനാധിപത്യ പാര്‍ടികളെന്ന് അഭിമാനിക്കുന്നവര്‍ക്ക് സംഘടനാസമ്മേളനങ്ങള്‍ സ്വപ്നംപോലും കാണാന്‍കഴിയാത്ത ജനാധിപത്യപ്രക്രിയ ഒരുവിധ അസ്വാരസ്യങ്ങള്‍ക്കും വഴിവയ്ക്കാതെ പൂര്‍ത്തീകരിക്കാനായത് രാഷ്ട്രീയ എതിരാളികളുടെപോലും അംഗീകാരം പിടിച്ചുപറ്റി. ഇത് ജില്ലയിലെ പാര്‍ടിപ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത്.

വിഭാഗീയത പൂര്‍ണമായി ഒഴിവാക്കാനായതാണ് എറണാകുളം സമ്മേളനത്തിന്റെ ഏറ്റവും വലിയ വിജയം. 25 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതി കഴിഞ്ഞ മൂന്നുവര്‍ഷം കൂട്ടായ ചര്‍ച്ചയിലൂടെ നേതൃനിരയ്ക്ക് ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വിഭാഗീയതയുടെ വേരറുക്കാന്‍ സഹായകരമായി. ഇതിന് ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പി രാജീവും നേതൃത്വപരമായ പങ്കുവഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ ഒറ്റമനസ്സോടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിഭാഗീയത അവസാനിപ്പിച്ച് അടിത്തറയിടാന്‍ മാത്രമാണ് കഴിഞ്ഞ മൂന്നുവര്‍ഷം കഴിഞ്ഞതെന്നും ഇനി സംഘടനയെ പുതിയ കാലത്തിനനുസരിച്ച് പുതിയ കടമകള്‍ ഏറ്റെടുക്കാന്‍ കഴിയുംവിധം പുതുക്കിപ്പണിയുകയാണ് ലക്ഷ്യമെന്നും ജില്ലാസമ്മേളനം പ്രഖ്യാപിച്ചു. ജൈവജീവിതം, പാലിയേറ്റീവ്, പരിസ്ഥിതി, സമഗ്രകൃഷി എന്നിങ്ങനെ കഴിഞ്ഞകാലത്തു തുടങ്ങിവച്ചവ ജില്ലയിലാകെ വ്യാപിപ്പിക്കാനും ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുത്ത് സജീവമായ പ്രക്ഷോഭപാതയിലേക്ക് ഇറങ്ങാനും സമ്മേളനം തീരുമാനിച്ചു.

സമ്മേളനത്തിന് സമാപനംകുറിച്ച് മറൈന്‍ ഡ്രൈവില്‍ നടന്ന റാലി ജില്ലകണ്ട ഏറ്റവും വലിയ ജനകീയമുന്നേങ്ങളില്‍ ഒന്നായി മാറി. മറൈന്‍ ഡ്രൈവിനും ഉള്‍ക്കൊള്ളാന്‍കഴിയാത്തവിധം ജനം സമാപനസമ്മേളനത്തിലേക്ക് ഒഴുകിയെത്തി. ഉദ്ഘാടനപ്രസംഗം സമാപിച്ചപ്പോഴും റാലിയുടെ പിന്‍നിര സമ്മേളനനഗറില്‍ പ്രവേശിച്ചിരുന്നില്ല. വെറും ആള്‍ക്കൂട്ടം മാത്രമായിരുന്നില്ല അത്. സമകാലിക സംഭവങ്ങളോട് സംവദിച്ചും പ്രതിഷേധവും പ്രതികരണങ്ങളും മുദ്രാവാക്യങ്ങളില്‍ മുഴക്കിയും പാതയോരം ചേര്‍ന്ന് ഒഴുകിയെത്തിയ ജനസാഗരം അച്ചടക്കത്തിലും മാതൃകയായി.

പ്രധാന വാർത്തകൾ
Top