Top
21
Sunday, January 2018
About UsE-Paper

സംസ്ഥാന സ്കൂള്‍ കലോത്സവം : അപൂര്‍വ പ്രദര്‍ശനകേന്ദ്രം ഒരുങ്ങുന്നു

Tuesday Dec 19, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിക്കരികില്‍ ഒരുക്കുന്നത് അപൂര്‍വ പ്രദര്‍ശനകേന്ദ്രം. 10,000 ചതുരശ്ര അടിവലിപ്പത്തില്‍ തയ്യാറാക്കുന്ന പന്തലില്‍ വിദ്യാഭ്യാസം, സാഹിത്യം, സംഗീതം, ചിത്രകല, പരിസ്ഥിതി, കൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രങ്ങളും ശില്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും മറ്റുമാണ് പ്രദര്‍ശിപ്പിക്കുക. എക്സിബിഷനില്‍ പൊലീസ്, എക്സൈസ് എന്നിവയ്ക്ക് പ്രത്യേക സ്റ്റാളുണ്ടാകും. വിദ്യാര്‍ഥിനികള്‍ക്ക് ആയോധനകല അഭ്യസിപ്പിക്കുന്നതിന് പൊലീസിന്റെ പ്രത്യേക ടീമുമുണ്ടാകും.

കൃഷിവകുപ്പിന്റെ പച്ചക്കറിത്തോട്ടവും അപൂര്‍വ ചിത്രങ്ങളുടെ  പ്രദര്‍ശനവുമാണ് എക്സിബിഷനിലെ പ്രധാന ആകര്‍ഷണം. കലോത്സവങ്ങള്‍, വിദ്യാഭ്യാസ ഉന്നമനത്തിനുതകുന്ന തെരഞ്ഞെടുത്ത അപൂര്‍വ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംസ്ഥാന ശാസ്ത്രമേളയില്‍നിന്ന് തെരഞ്ഞെടുത്ത മികച്ച കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും ചിത്രങ്ങളും പ്രദര്‍ശനത്തില്‍ കാണാനാകും. എട്ട് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെയുള്ള കുട്ടികളുടെ കുറിപ്പുകളും വരച്ചതും ക്യാമറയില്‍ പകര്‍ത്തിയതുമായ ചിത്രങ്ങളും തുണിയില്‍ അച്ചടിച്ച് പ്രദര്‍ശനത്തിനുവയ്ക്കും. ഫ്ളക്സും പ്ളാസ്റ്റിക്കും ഒഴിവാക്കിയാണ് പ്രദര്‍ശനം. ശുചിത്വ കേരളം, ഹരിതകേരളം തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ട്. വിപണനമേളയുമുണ്ടാകും.

ജില്ലയിലെ സ്കൂളുകളിലേക്ക് ഒന്നരലക്ഷം കൂപ്പണുകള്‍ അച്ചടിച്ചു നല്‍കും. ഈ കൂപ്പണുകളുമായി കലോത്സവപ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കും. ദിവസവും മൂന്ന് നറുക്കെടുപ്പുണ്ടാകും. മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍, ടാബുകള്‍ തുടങ്ങിയവ സമ്മാനമായി നല്‍കും.  മെഗാസമ്മാനമായി ഐ ഫോണ്‍ നല്‍കുമെന്നും പ്രദര്‍ശന കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, കണ്‍വീനര്‍ എന്‍ സൈമണ്‍ ജോസ് എന്നിവര്‍ പറഞ്ഞു.
പ്രദര്‍ശിപ്പിക്കാനുള്ള അപൂര്‍വങ്ങളായ ചിത്രങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും 25നുമുമ്പ് സംഘാടകര്‍ക്ക് അയച്ചുനല്‍കാം.

ചിത്രങ്ങള്‍ kalamelathrissur2017@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. ഫോണ്‍: 9447828803. സംഘാടകര്‍ക്ക് ലഭിക്കുന്ന ചിത്രങ്ങളില്‍നിന്ന് തെരഞ്ഞെടുത്തവ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.

വേദികള്‍ക്ക് മരങ്ങളുടെയും ചെടികളുടെയും പേരുകള്‍
തിരുവനന്തപുരം > ജനുവരിയില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവവേദികള്‍ക്ക് കേരളത്തിലെ മരങ്ങളുടെയും പൂച്ചെടികളുടെയും പേരുകള്‍. സ്കൂള്‍ കലോത്സവം പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വേദികള്‍ക്കും പച്ചപ്പാര്‍ന്ന പേരുകള്‍. കഥാകാരി മാധവിക്കുട്ടിയുടെ (കമലാ സുരയ്യ) സ്മരണയുണര്‍ത്തുന്ന 'നീര്‍മാതളം' ആണ് മുഖ്യവേദി. സന്ധ്യക്കുശേഷം സാംസ്കാരികപരിപാടികള്‍ നടക്കുന്ന വേദിയുടെ പേര് 'നിശാന്ധി'. പാചകശാലയ്ക്ക് തൃശൂരിന്റെ നെല്ലിനമായ 'പൊന്നാര്യന്‍' എന്നും ഭക്ഷണപ്പന്തലിന് 'സര്‍വസുഗന്ധി'യെന്നും പേരിട്ടു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ഓഫീസിന്റെ പേര് 'തുളസി'.

നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്‍പ്പലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിങ്ങനെയാണ് ശേഷിക്കുന്ന 22 വേദിയുടെ പേരുകള്‍.
മുഖ്യവേദിയായ നീര്‍മാതളത്തിനു പുറമെ സാംസ്കാരിക പരിപാടികള്‍ നടക്കുന്ന നിശാഗന്ധിയും നൃത്തപരിപാടികള്‍ക്കായുള്ള നീലക്കുറിഞ്ഞിയും തേക്കിന്‍കാട് മൈതാനിയിലാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി ആറുമുതല്‍ പത്തുവരെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. വേദികളുടെ നാമത്തോടൊപ്പം അതതു മരങ്ങളുടെയും ചെടികളുടെയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ്. കഴിഞ്ഞവര്‍ഷം കേരളത്തിലെ നദികളുടെയും പുഴകളുടെയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരുന്നത്.