17 August Friday

തകഴി, ഹരിപ്പാട് ഏരിയ സമ്മേളനങ്ങള്‍ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

തകഴി/ഹരിപ്പാട് > ആയിരങ്ങള്‍ അണിനിരന്ന ബഹുജനറാലി, ചുവപ്പുസേനാമാര്‍ച്ച്, പൊതുസമ്മേളനം എന്നിവയോടെ സിപിഐ എം തകഴി, ഹരിപ്പാട് ഏരിയ സമ്മേളനങ്ങള്‍ സമാപിച്ചു. മങ്കൊമ്പ് ജങ്ഷനില്‍നിന്നും വിവിധ ലോക്കല്‍ കമ്മിറ്റികളുടെ ബാനറിന്‍കീഴില്‍ വാദ്യമേളങ്ങളോടും കലാപരിപാടികളോടും കൂടിയാണ് തകഴി ഏരിയയിലെ പ്രവര്‍ത്തകരും ബഹുജനങ്ങളും റാലിയില്‍ അണിനിരന്നത്.

പി കെ ചന്ദ്രാനന്ദന്‍ നഗറില്‍ (നെടുമുടി പാലത്തിനു സമീപം) നടന്ന പൊതുസമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ ഡി കുഞ്ഞച്ചന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ പ്രകാശന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, എ മഹേന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ ആര്‍ ഭഗീരഥന്‍, കെ കെ അശോകന്‍, കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണന്‍, പ്രതിഭാഹരി എംഎല്‍എ, കെ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഹരിപ്പാട് കെസിടി ജങ്ഷനില്‍നിന്നാണ് ചുവപ്പുസേനാ മാര്‍ച്ചും പ്രകടനവും നടന്നത്. ബാന്റുമേളം, നിശ്ചലദൃശ്യങ്ങള്‍, തെയ്യക്കോലം അടക്കം അണിചേര്‍ന്ന പ്രകടനം കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും സ്ത്രീകളടക്കം വന്‍ജനാവലി കാത്തുനിന്നു.

പി കെ ചന്ദ്രാനന്ദന്‍ നഗറില്‍ (മാധവ ജങ്ഷന്‍) നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഓഖി ദുരന്തത്തിനിരയായവരെ ആശ്വസിപ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടയാന്‍ ശ്രമിച്ചത് കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമായിരുന്നെന്നും മുഖ്യമന്ത്രി സ്വീകരിച്ച പക്വമായ നിലപാടാണ് സംഘര്‍ഷമൊഴിവാക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരുസമുദായവും ഒരു വ്യക്തിയും മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി കണ്ണീരൊഴുക്കേണ്ട. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരുകളാണ് ഫലപ്രദമായി ഇടപെട്ടത്. എസ് ശര്‍മ മന്ത്രിയായിരുന്നപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളിയത്. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ ഒരു സര്‍ക്കാരിനെക്കൊണ്ട് ചെയ്യാവുന്നതൊക്കെ സര്‍ക്കാര്‍ ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം രക്ഷാധികാരി ടി കെ ദേവകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, കാര്‍ത്തികപ്പള്ളി ഏരിയ സെക്രട്ടറി വി കെ സഹദേവന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ് കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം സത്യപാലന്‍ സ്വാഗതവും ഏരിയ സെക്രട്ടറി എന്‍ സോമന്‍ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top