17 November Saturday

ഏഷ്യൻ ഗെയിംസ്‌: ബജ്രംഗിന് സ്വർണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

ജക്കാർത്ത
ഏഷ്യൻ ഗെയിംസിൽ ആദ്യദിനംതന്നെ ഇന്ത്യ പൊന്നണിഞ്ഞു. ഗുസ്തിയിൽ ബജ്രംഗ് പൂണിയയാണ് സ്വർണംനേടിയത്. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ അപൂർവി ചന്ദേല‐രവി കുമാർ സഖ്യം വെങ്കലവും സ്വന്തമാക്കി. കബഡി, ബാഡ്മിന്റൺ, വനിതാ ഹോക്കി എന്നിവയിലും ജയത്തോടെ തുടങ്ങി. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് അഞ്ചാമതെത്തി. ദേശീയ റെക്കോഡും കുറിച്ചു.

ഏഴ് സ്വർണമുൾപ്പെടെ 16 മെഡലുകളുമായി ചൈന ആദ്യദിനംതന്നെ കുതിപ്പുതുടങ്ങി. ഒരു സ്വർണവും വെങ്കലവുമായി ഇന്ത്യ ആറാമതാണ്. മൂന്ന് സ്വർണമുൾപ്പെടെ 12 മെഡലുകളുമായി ജപ്പാൻ രണ്ടാമതും രണ്ട് സ്വർണമുൾപ്പെടെ ഒമ്പതു മെഡലുകളോടെ കൊറിയ മൂന്നാമതുണ്ട്. 

ഗുസ്തിയിൽ പുരുഷന്മാരുടെ 55 കിലോ വിഭാഗത്തിലായിരുന്നു ബജ്രംഗിന്റെ തകർപ്പൻ പ്രകടനം. ഫൈനലിൽ ജപ്പാന്റെ ഡയ്ച്ചി ടകടാനിയെ ഉശിരൻ പോരാട്ടത്തിൽ തോൽപ്പിച്ചു (11‐8). ആദ്യ ഘട്ടത്തിൽ 6‐0ന് മുന്നിലായിരുന്ന ബജ്രംഗിനെ ടകടാനി രണ്ടാംറൗണ്ടിൽ പിടിച്ചുകെട്ടി. അവസാന മിനിറ്റിൽ രണ്ട് പോയിന്റ് നേടി ബജ്രംഗ് സ്വർണം സ്വന്തമാക്കി. ആദ്യറൗണ്ട് മത്സരങ്ങൾ മുതൽ ഈ ഇരുപത്തിനാലുകാരൻ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 74 കിലോ വിഭാഗത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽകുമാർ ആദ്യറൗണ്ടിൽ പുറത്തായി.
ഷൂട്ടിങ്ങിൽ 429.9 പോയിന്റ് നേടിയാണ് അപൂർവി‐രവികുമാർ സഖ്യം വെങ്കലം നേടിയത്. മനു ഭേകർ‐അഭിഷേക് വർമ സഖ്യത്തിന് ഫൈനലിൽ കടക്കാനായില്ല.

നീന്തലിൽ ഫൈനലിൽ കടന്ന് സജൻ ചരിത്രംകുറിച്ചു. 200 മീറ്റർ ബട്ടർഫ്ളൈയിലാണ് സജന്റെ പ്രകടനം. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഒരു മിനിറ്റ് 57.75 സെക്കൻഡിൽ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളൂ. 100 മീറ്റർ ബാക്സ്ട്രോക്കിൽശ്രീഹരി നടരാജൻ ഏഴാമതായി.

ബാഡ്മിന്റൺ പുരുഷ ടീം ഇനത്തിൽ ഇന്ത്യ മാലദ്വീപിനെ 3‐0ന് തോൽപ്പിച്ചു. ഹാൻഡ്ബോൾ, വോളിബോൾ വനിതാ വിഭാഗത്തിൽ തോറ്റു. കബഡിയിൽ ഇന്ത്യൻ വനിതകൾ ജപ്പാനെയും പുരുഷന്മാർ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോൽപ്പിച്ചു.
 

പ്രധാന വാർത്തകൾ
Top